തിരുവനന്തപുരം: (www.kvartha.com 19.12.2020) മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഓഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റില്‍നിന്ന് അഞ്ചോ പത്തോ മിനിറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും.
പരീക്ഷ, വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുതെന്നും വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു ഐ പി) യോഗം നിര്‍ദേശിച്ചു.
ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിനുമുമ്പ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്‌കൂളിലെത്താന്‍ അനുവദിക്കൂ.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം.
പൊതുവിദ്യാഭ്യാസ സെക്രടറി എ ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് എസ് എല്‍ സി പരീക്ഷ ടൈംടേബിളിനും അംഗീകാരം നല്‍കി.
എസ് എസ് എല്‍ സി പരീക്ഷ ടൈംടേബിള്‍:
മാര്‍ച്ച് 17 ഒന്നാം ഭാഷ പാര്‍ട് ഒന്ന്
18 -രണ്ടാം ഭാഷ ഇംഗ്ലീഷ്
19 -മൂന്നാം ഭാഷ ഹിന്ദി
22 -സോഷ്യല്‍ സയന്‍സ്
23 -ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
24 -ഫിസിക്‌സ്
25 -കെമിസ്ട്രി
29 -മാത്‌സ്
30 -ബയോളജി