Follow KVARTHA on Google news Follow Us!
ad

സംസ്ഥാന നിയമസഭയില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ധൂര്‍ത്ത്; ദുരുപയോഗം ചെയ്തത് നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത്; ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Ramesh Chennithala,Allegation,Corruption,Politics,Governor,Letter,Probe,Kerala,
കോഴിക്കോട്: (www.kvartha.com 10.12.2020) സര്‍ക്കാരിനും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പറഞ്ഞ ചെന്നിത്തല സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും ആരോപിച്ചു.



ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്ത് അരങ്ങേറി. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ദുരുപയോഗം ചെയ്തു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്ത് ധൂര്‍ത്തു നടത്തരുതെന്ന് പ്രതിപക്ഷം നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവര്‍ത്തനരീതി മാറ്റാന്‍ സ്പീക്കര്‍ തയാറായില്ല. രേഖകളുടെ പിന്‍ബലത്തില്‍ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല. അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വെള്ളിയാഴ്ച പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭാ ഹാള്‍ നവീകരണം, നിയമസഭാ ടിവിയുടെ കണ്‍സള്‍ടന്‍സി നിയമനം, ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ആഘോഷം എന്നിങ്ങനെ അഞ്ച് കാര്യങ്ങളുമായി ബന്ധപ്പെട്ട് വന്‍അഴിമതിയാണ് സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയത്.

ഇതൊന്നും ഒരു സഭാകമ്മിറ്റിയിലും വച്ചിട്ടില്ല. കക്ഷി നേതാക്കളോട് ആലോചിക്കേണ്ടത് സ്പീക്കറാണ്. സംസ്ഥാനത്ത് ഒരു കരാര്‍ നടപടികളുമില്ലാതെ ഊരാളുങ്കലിനെ മാത്രം നിര്‍മാണ ജോലികള്‍ ഏല്‍പ്പിക്കുന്നത് ദുരൂഹമാണ്. നിയമസഭയില്‍ ആലോചിക്കാതെയാണ് എല്ലാം. പരാതി നല്‍കിയപ്പോള്‍ മാത്രമാണ് സഭാ ടിവിയെക്കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ പോലും തയാറായത്.

സ്പീക്കറുടെ നടപടികള്‍ സഭയ്ക്കും സഭയുടെ അന്തസിനും നിരക്കുന്നതല്ല. ഇപ്പോഴും സ്പീക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമാണ്. നിഷ്പക്ഷമായിരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയുമോ? സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം അനിവാര്യമാണ്.

സ്വര്‍ണക്കടത്ത് ആരോപണത്തില്‍ സ്പീക്കറുടെ പ്രതികരണം ദുര്‍ബലമാണ്. സ്പീക്കര്‍ നേരിട്ട് വിശദീകരിക്കാന്‍ തയാറായില്ല. സ്പീക്കറുടെ ഓഫിസ് പുറത്തുവിട്ട വിശദീകരണം തൃപ്തികരമല്ല. ജനങ്ങളെ നേരിട്ടുകാണാന്‍ സ്പീക്കര്‍ക്ക്‌ധൈര്യമില്ലാത്തതിന്റെ കാരണം എന്താണ്? ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാന ആരോപണങ്ങള്‍:

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റി. 2018 ല്‍ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് ടെന്‍ഡറൊന്നും ഇല്ലാതെ കരാര്‍ നല്‍കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.

2020ല്‍ രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തല്‍ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്. മത്സരക്കരാര്‍ ക്ഷണിച്ചിരുന്നില്ല.

ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയത്.

നിയമസഭാ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിര്‍മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല. നിയമസഭയിലെ ചിലവുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂര്‍ത്തും അഴിമതിയും നടത്തുന്നത്.

നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മാണ ചിലവ് 76 കോടി രൂപയോളമാണ്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സ്പീക്കര്‍ 100 കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇഎംഎസ് സ്മൃതി

നിയമസഭാ മ്യൂസിയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചിള്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ച് കളഞ്ഞ് പകരം ഇഎംഎസ് സ്മൃതി സ്മാരകം നിര്‍മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചിലവ് 87 ലക്ഷം രൂപയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇ-നിയമസഭ കരാര്‍

നിയമസഭ കടലാസ്രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റന്‍ പദ്ധതിയാണിത്്. കരാറില്ലാതെ ഇതും ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നല്‍കിയത്. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 2019 ജൂണ്‍ 13ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാന്‍സ് തുകയായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്. മുപ്പത് ശതമാനത്തോളം വരും അഡ്വാന്‍സ് തുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭ ടിവി കണ്‍സള്‍ട്ടന്‍സി

നിയമസഭാ ടിവിയ്ക്കായി കണ്‍സള്‍റ്റന്റുകളെ 60,000 രൂപയും 40,000 രൂപയും പ്രതിമാസം കണ്‍സല്‍ട്ടന്‍സി ഫീസ് നല്‍കി നിയമിച്ചിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ മുന്‍അംഗങ്ങള്‍ക്ക് താമസിക്കാനുള്ള പതിനഞ്ചോളം ഫര്‍ണിഷ്ഡ് റൂമുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ സഭാ ടിവിയുടെ ചീഫ് കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കി. ഇതിന്റെ പ്രതിമാസ വാടക 25,000 രൂപയാണ്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ഫ്ലാറ്റില്‍ പാത്രങ്ങളും കപ്പുകളും മറ്റും വാങ്ങിയതിന്റെ ബില്ലും നിയമസഭ തന്നെ നല്‍കി. ബില്‍ തുകയില്‍ 18,860 രൂപ (പതിനെണ്ണായിരത്തി എണ്ണൂറ്റി അറുപത്തിയാറ് രൂപ) ഇതിനകം റീഇംബേഴ്‌സ് ചെയ്തു.

സഭാ ടിവിക്കായി പ്രതിമാസം 40,000 രൂപ ശമ്പളത്തില്‍ വീണ്ടും കരാര്‍ നിയമനം നടത്തുന്നതിനായി ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ്. 86 പ്രോഗ്രാമുകളാണ് ഇതിനകം നിര്‍മ്മിച്ചതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ചിലവ് 60.38 ലക്ഷം രൂപയാണെന്നും ചെന്നിത്തല പറഞ്ഞു.

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയും കരാര്‍ നിയമനങ്ങളും

ജനാധിപത്യത്തിന്റെ ഉത്സവമായാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പേരില്‍ നിയമസഭ ആഘോഷം നടത്തിയത്. എന്നാല്‍ അഴിമതിയുടെ ഉത്സവമായാണ് അത് മാറിയതെന്നും ചെന്നിത്തല പറഞ്ഞു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ പരമ്പരയായി ആറ് പരിപാടികളാണ് നടത്താന്‍ നിശ്ചയിച്ചത്. കോവിഡ് കാരണം രണ്ടെണ്ണമേ നടത്താന്‍ കഴിഞ്ഞുള്ളു. രണ്ടെണ്ണത്തിന് മാത്രം ചിലവ് രണ്ടേകാല്‍ കോടി രൂപ. ആറെണ്ണം നടത്തിയിരുന്നെങ്കില്‍ എത്ര രൂപയാകുമായിരുന്നു?

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചെലവ് 42 ലക്ഷം രൂപ. മറ്റു ചെലവുകള്‍ 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു.

നിയമസഭയില്‍ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ട.് എന്നിട്ടും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തില്‍ പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വര്‍ഷമായി. എന്നിട്ടും ഇവര്‍ ജോലിയില്‍ തുടരുകയാണ്. ഓരോരുത്തര്‍ക്കും പ്രതിമാസ ശമ്പളം 30,000 രൂപ. ഈ സെപ്തംബര്‍ വരെ ശമ്പളമായി നല്‍കിയത് 21.61 ലക്ഷം രൂപയാണ്.


Keywords: Speaker of the State Legislative Assembly led by a swindler; Abuse is the pretext that the expenses of the legislature will not be examined; Chennithala says he will file a complaint to the governor, Kozhikode, News, Ramesh Chennithala, Allegation, Corruption, Politics, Governor, Letter, Probe, Kerala.


Post a Comment