തിരുവനന്തപുരം: (www.kvartha.com 22.12.2020) സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന കോടതിയുടെ വിധി കേട്ട് പ്രതികള്‍ പൊട്ടിക്കരഞ്ഞു. ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് കോടതിയില്‍ വികാരാധീനരായത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി.
സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. കൊലക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. തെളിവു നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. കേസില്‍ ശിക്ഷ ഡിസംബര്‍ 23ന് വിധിക്കും.