Follow KVARTHA on Google news Follow Us!
ad

കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തത്? മൊഴി കണ്ട് കോടതി ഞെട്ടിയെങ്കില്‍ ജനങ്ങള്‍ ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Ramesh Chennithala,Election,Criticism,Chief Minister,Court,Kerala,
കൊച്ചി: (www.kvartha.com 07.12.2020) കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറില്‍ കൊടുത്തത്? മൊഴി കണ്ട് കോടതി ഞെട്ടിയെങ്കില്‍ ജനങ്ങള്‍ ബോധംകെട്ടു വീഴുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വര്‍ണക്കടത്തുമായി ബന്ധമുള്ള രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലന്‍സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

നയതന്ത്ര ചാനല്‍ വഴി റിവേഴ്‌സ് ഹവാലയ്ക്ക് ഈ ഉന്നതന്‍ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്ന വാര്‍ത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. സ്വര്‍ണക്കള്ളക്കടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വപ്നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്.

നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാതെ പോയത്. ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാന്‍ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ടു ചെയ്യില്ല എന്ന തിരിച്ചറിവുമൂലമാണ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റു കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 500 രൂപയുടെ കിറ്റു പോലുമില്ല. കിറ്റിനുള്ള സഞ്ചി വാങ്ങിയതില്‍ തന്നെ കമ്മിഷന്‍ അടിച്ചിരിക്കുന്നു. അതില്‍ പോലും കമ്മിഷനടിക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്.

എല്ലാ സര്‍ക്കാരുകളും പെന്‍ഷന്‍ കൊടുക്കാറുള്ളതാണ്. പെന്‍ഷന്‍ പദ്ധതി കൊണ്ടു വന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് പറയാനില്ലാത്തതിനാലാണ് അദ്ദേഹം പ്രചാരണ രംഗത്തില്ലാതിരുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. കോവിഡിന്റെ മറവില്‍ നടന്ന അഴിമതികളും ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും ഗുരുതര അവസ്ഥയിലേക്ക് മാറുമായിരുന്നു. കോണ്‍ഗ്രസിന് ബിജെപിയുമായി സഖ്യമെന്നത് പഴകിപ്പുളിച്ച ആരോപണമാണ്. മുഖ്യമന്ത്രി വര്‍ഗീയ പ്രചാരണം നടത്താന്‍ ശ്രമിക്കുകയാണ്.
എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ലെന്നും സ്വപ്നയും ശിവശങ്കറും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ തിരിച്ചും ഇവരെ സംരക്ഷിക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാഷ ആര്‍എസ്എസിന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം ലീഗിനായിരിക്കും ആധിപത്യം എന്നാണ് അദ്ദേഹം പറയുന്നത്. ആര്‍എസ്എസ് സംസാരിക്കുന്ന ഭാഷയിലാണ് വിജയരാഘവന്‍ സംസാരിക്കുന്നത്. വര്‍ഗീയത ഇളക്കിവിടാനാണ് ഈ സംസാരം എന്ന് ജനങ്ങള്‍ തിരിച്ചറിയും. മുന്നണി നയിക്കുന്നത് കോണ്‍ഗ്രസാണ്. സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്നതിന്റെ പ്രതീകമാണ്. പണത്തിനും അധികാരത്തിനും വേണ്ടി ഏത് നിലയില്‍ വേണമെങ്കിലും പോകും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട് ഗോള്‍വാര്‍ക്കാരുടെ പേരിട്ടത് ശരിയല്ല. നെഹ്‌റു ട്രോഫി വിഷയത്തില്‍ വി. മുരളീധരന്റെ ജവഹര്‍ലാല്‍ നെഹ്‌റുവിന് എതിരായ പ്രതികരണം ശരിയല്ല. കാര്യങ്ങള്‍ അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിക്കണം. ഇക്കാര്യത്തില്‍ തരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Should clarify who is the top person involved in gold smuggling says Ramesh Chennithala, Kochi, News, Politics, Ramesh Chennithala, Election, Criticism, Chief Minister, Court, Kerala.

Post a Comment