ന്യൂഡെല്‍ഹി: (www.kvartha.com 05.12.2020) കേന്ദ്ര സര്‍കാരും കര്‍ഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചര്‍ച ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പുരോഗമിക്കുന്നു. ചര്‍ചയുടെ ആദ്യ മണിക്കൂറുകളില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. കര്‍ഷക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്നു കേന്ദ്രം വ്യക്തമാക്കി. എന്നാല്‍, നിയമങ്ങളെല്ലാം പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്.
നിയമങ്ങളില്‍ കര്‍ഷകര്‍ക്കനുകൂലമായ ഏതാനും ഭേദഗതികള്‍ വരുത്താന്‍ തയാറാണെന്ന സൂചന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും യോഗത്തിനു കയറും മുന്‍പ് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം കോര്‍പറേറ്റുകള്‍ക്കു വഴങ്ങുകയാണെന്നാണ് കര്‍ഷകരുടെ ആരോപണം. കേന്ദ്രത്തെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചര്‍ചയില്‍ പങ്കെടുത്തത്. കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാവിലെ നടന്ന തിരക്കിട്ട യോഗത്തില്‍ വിട്ടുവീഴ്ച സംബന്ധിച്ച് ധാരണയായെന്നാണു സൂചന. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ പ്രധാനമന്ത്രി വിളിച്ച ചര്‍ചയില്‍ പങ്കെടുത്തു.
Keywords: Ready to address all concerns, says govt to farmer unions, New Delhi, News, Meeting, Allegation, Farmers, Media, National.