വാഷിംഗ്ടണ്‍: (www.kvartha.com 02.12.2020) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പച്ചക്കറികൃഷി വിജയകരമായി പരീക്ഷിച്ച് നാസ. ബഹിരാകാശ സഞ്ചാരികളുടെ ഭാവിയിലെ ജീവിതത്തിന് നിര്‍ണ്ണായകമായ വിജയമാണ് പച്ചക്കറികൃഷിയിലൂടെ സാദ്ധ്യമായതെന്ന് നാസ അറിയിച്ചു. നാസയുടെ ചൊവ്വാ, ചാന്ദ്ര പര്യവേഷണ സംഘത്തിന് ഏറെ പ്രയോജനപ്പെടുന്ന പരീക്ഷണ വിജയമാണ് നടന്നിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറയുന്നു.
ചുവപ്പും നീലയും ലൈറ്റുകള്‍ ക്രമീകരിച്ച് പ്രത്യേകം അറയില്‍ വിത്തുകളെ നിക്ഷേപിച്ചാണ് പരീക്ഷണം നടത്തിയത്. മണ്ണില്‍വേരുകള്‍ ആഴ്ന്നിറങ്ങുന്നത് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെയാണ് നാസ അതിജീവിച്ചത്. തലയിണപോലുള്ള പ്രത്യേക പ്രതലത്തിനകത്ത് വിത്തുകളെ പൊതിഞ്ഞാണ് വളര്‍ത്തിയെടുത്തത്. വളരെ ചുരുങ്ങിയ സമയത്ത് മുളയ്ക്കുമെന്നതിനാലാണ് റാഡിഷ് ഇനത്തെ തെരഞ്ഞെടുത്തതെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
നിലയത്തിലെ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് റാഡിഷ് പച്ചക്കറി കൃഷി നടത്തിയത്. വിത്തുകള്‍ മുളച്ച് ഇലകളോട് കൂടി വളര്‍ന്ന് നില്‍ക്കുന്ന ചിത്രവും നാസ പങ്കുവെച്ചു.
ബഹിരാകാശത്ത് വളര്‍ന്ന സസ്യങ്ങളെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ഭൂമിയിലെത്തിക്കുമെന്നും നാസ അറിയിച്ചു. നാസയുടെ കെന്നഡി ബഹിരാകാശ നിലയമാണ് നിരന്തരം ചെടികളുടെ വളര്‍ച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.