തിരുവനന്തപുരം: (www.kvartha.com 29.12.2020) കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിടനില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന്‍ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവിടങ്ങളില്‍നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 
എന്നാല്‍ വൈറസിന്റെ പുതിയ വകഭേദമാണോ എന്നറിയാന്‍ പുണെ ലാബിലേക്കു സാംപിള്‍ അയച്ചിട്ടുണ്ട്. ഫലം ചൊവ്വാഴ്ച വരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കോവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആരോഗ്യ സെക്രട്ടറിയും യോഗങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശം കൊടുക്കുന്നുണ്ട്. 
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതുവരെ വീട്ടില്‍ തന്നെ കഴിയണം. പുതുവത്സരാഘോഷം വലിയ ആള്‍ക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Keywords: Mutant Strain of Corona Virus: Strict Action at Airports, Says Health Minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.