കൊല്ലം: (www.kvartha.com 07.12.2020) കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വിഷയമാകുന്നു. സിപിഎം പ്രവര്‍ത്തകനായ മണിലാലിന് ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
മണിലാലിനെ കൊന്നത് ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. എന്നാല്‍ സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു.
മണ്‍റോത്തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുന്നതായി കൊല്ലം റൂറല്‍ എസ് പി ആര്‍ ഇളങ്കോ അറിയിച്ചു. മണിലാലിനെ കുത്തിയ അശോകന്‍ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നയാളാണ്. വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പാര്‍ടി ഓഫിസ് ഉള്ളതിനാല്‍ മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരന്‍ തന്നെയായ അശോകന്‍ വാക്കുതര്‍ക്കത്തിനിടെ മണിലാലിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി പാര്‍ടി അംഗത്വം നല്‍കിയ ആളാണ് അശോകനെന്നും മണിലാലിനെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.
അതേ സമയം കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സി പി എം നടത്തുന്നതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബി ജെ പി ജില്ലാ നേതൃത്വം പറഞ്ഞു. മണിലാലിനെ കുത്തിയ അശോകനും സുഹൃത്ത് സത്യനും പോലീസ് കസ്റ്റഡിയിലാണ്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് വിശദീകരണം. സംഭവം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും കേസ് അന്വേഷിക്കുന്ന ഈസ്റ്റ് കല്ലട പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് മണ്‍റോതുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ സിപിഎം തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും.