കൊച്ചി: (www.kvartha.com 06.12.2020) ഒരിടവേളക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'ആറാട്ടി'ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'നെയ്യാറ്റിന്‍കര ഗോപന്‍' ബെന്‍സ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുകില്‍ ഉള്ളത്. ചുവപ്പു നിറത്തിലുള്ള ഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്, ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറിലാണ് ഗോപന്റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കാറിന്റെ നമ്പരിനും പ്രത്യേകതയുണ്ട്. 'രാജാവിന്റെ മകനി'ലെ സംഭാഷണത്തിലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പര്‍ '2255' ആണ് കാറിന്റെ നമ്പര്‍. 'കെഎല്‍വി 2255' എന്നതാണ് മുഴുവന്‍ നമ്പര്‍.
ബ്ലോക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്.
Aaraattu First Look Poster
Posted by Mohanlal on Saturday, 5 December 2020