അവര്‍ എന്നെ ബലിയാടാക്കി; സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്നതെല്ലാം ചെയ്തു; അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍നിന്നു ഇനിയും മോചിതനായിട്ടില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ മാറഡോണയെ ചികിത്സിച്ച ഡോക്ടര്‍

 


ബ്യൂനസ് ഐറിസ്: (www.kvartha.com 01.12.2020) അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തിനു പിന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാനാണു ചിലരുടെ ശ്രമമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യു. തന്റെ വസതിയിലും ഓഫിസിലും നടന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ വസതിയിലും ആശുപത്രിയിലും നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തു. മാറഡോണയ്ക്കു നല്‍കിയിരുന്ന മരുന്നുകളെക്കുറിച്ചു വിദഗ്ധ സംഘം പരിശോധന നടത്തും.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നു മാറഡോണയുടെ (60) അന്ത്യം. 'എന്റെ സുഹൃത്തുകൂടിയായ ഡിയേഗോയുടെ ജീവന്‍ രക്ഷിക്കാന്‍ എന്നെക്കൊണ്ടു പറ്റുന്നതെല്ലാം ഞാന്‍ ചെയ്തു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍നിന്നു ഞാന്‍ ഇനിയും മോചിതനായിട്ടില്ല. റെയ്ഡിനായി എന്റെ വീട്ടുപടിക്കല്‍ പൊലീസിനെ കണ്ടപ്പോള്‍ തകര്‍ന്നുപോയി. എല്ലാവര്‍ക്കും വേണ്ടതൊരു ബലിയാടിനെയാണ്' ലുക്യു പറഞ്ഞു.

'ഒക്ടോബര്‍ 30ന് 60-ാം ജന്മദിനാഘോഷം കഴിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹം ക്ഷീണിതനായിരുന്നു. വിശദപരിശോധനയിലാണ് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ലഹരി വിമുക്ത ചികിത്സയിലായിരുന്നു മാറഡോണ. എന്നാല്‍ ചികിത്സയോട് സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

ഉറക്കമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍നിന്നും അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഡിയേഗോയുടെ ഏറ്റവും വലിയ ശത്രു അദ്ദേഹം തന്നെയായിരുന്നു. ഡിയേഗോ ചികിത്സയോടു സഹകരിച്ചില്ല. അദ്ദേഹത്തെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്തു' ഡോക്ടര്‍ പറഞ്ഞു.

അവര്‍ എന്നെ ബലിയാടാക്കി; സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്നതെല്ലാം ചെയ്തു; അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍നിന്നു ഇനിയും മോചിതനായിട്ടില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ മാറഡോണയെ ചികിത്സിച്ച ഡോക്ടര്‍
ബ്യൂനസ് ഐറിസില്‍ മകളുടെ വസതിക്കു സമീപത്ത് ഒരു വീട്ടിലായിരുന്നു 24 മണിക്കൂറും മെഡിക്കല്‍ സൗകര്യങ്ങളോടെ മാറഡോണയ്ക്കു താമസം ഒരുക്കിയിരുന്നത്. ഹൃദയാഘാതം ഉണ്ടായ ശേഷം ആംബുലന്‍സ് എത്താന്‍ വൈകിയെന്നും ഡോക്ടര്‍ ചികിത്സിച്ച രീതി ശരിയായില്ലെന്നും പെണ്‍മക്കള്‍ പൊലീസിനോടു പരാതിപ്പെട്ടിരുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള മാറഡോണയുടെ ബന്ധുക്കളുടെ മൊഴികള്‍ കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തി.

അതിനിടെ മാറഡോണ മരിച്ചശേഷമുള്ള തങ്ങളുടെ ആദ്യ ഇറ്റാലിയന്‍ സീരി എ മത്സരത്തില്‍ വൈകാരിക വിജയം സ്വന്തമാക്കി ഇതിഹാസ താരത്തിന്റെ മുന്‍ ക്ലബ് നാപ്പോളി. എഎസ് റോമയെ 4-0നാണു നാപ്പോളി തോല്‍പിച്ചത്. ഇതിഹാസ താരത്തിന്റെ സ്മരണാര്‍ഥം ഹോം ഗ്രൗണ്ടായ സാന്‍ പൗലോ സ്റ്റേഡിയത്തെ ഡിയേഗോ അര്‍മാന്‍ഡോ മാറഡോണ മൈതാനമെന്ന് ഉടന്‍ പുനര്‍നാമകരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords:  Maradona's doctor responds after police raid: Did the best I could with Diego, proud of it, Argentina,News,Football Player, Football, Dead, Doctor, Controversy, Media, Police, Raid, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia