ലഖ്‌നൗ: (www.kvartha.com 04.12.2020) രക്ഷിതാക്കളുടെ അനുമതിയോടെ നടത്താനൊരുങ്ങിയ മിശ്ര വിവാഹം തടഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. മിശ്രവിവാഹം തടയാനുള്ള പുതിയ ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടിയെന്നാണ് പോലീസ് വിശദമാക്കുന്നത്. ഹിന്ദു യുവതിയെ മുസ്ലിം യുവാവാണ് വിവാഹം ചെയ്യാനിരുന്നത്. ബുധനാഴ്ച ലഖ്‌നൗവ്വിലെ ഡൂഡ കോളനിയില്‍ വച്ച് നടക്കേണ്ടിയിരുന്ന വിവാഹമാണ് പോലീസ് തടസപ്പെടുത്തിയത്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കാനിരിക്കെയാണ് പോലീസ് ഇടപെടല്‍.
ഹിന്ദു സംഘടനകളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. വിവാഹദിവസമാണ് പോലീസ് മിശ്രവിവാഹം തടസപ്പെടുത്തിയത്. പാര പോലീസ് സ്റ്റേഷനില്‍ നിന്ന് എത്തിയ പോലീസ് ആദ്യം ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണമെന്ന് വധുവരന്മാരേയും രക്ഷിതാക്കളേയും അറിയിക്കുകയായിരുന്നു.
ഇരുപത്തി രണ്ടുകാരിയാണ് വധു, വരന് ഇരുപത്തിനാലാണ് പ്രായം. ബലം പ്രയോഗിച്ചോ നിര്‍ബന്ധിച്ചോ ആയിരുന്നില്ല വിവാഹമെന്നാണ് ഇരുവീട്ടുകാരും പ്രതികരിക്കുന്നത്. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരാണ് മിശ്ര വിവാഹത്തിനെതിരായി പരാതി നല്‍കിയതെന്നാണ് റിപോര്‍ട്. ഇരുവരുടേയും വീട്ടുകാര്‍ക്ക് പുതിയ ഓര്‍ഡിനന്‍സിന്റെ പതിപ്പുകള്‍ കൈമാറിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്. മജിസ്‌ട്രേറ്റിന്റെ അനുമതി തേടുമെന്ന് ഇരുവിഭാഗവും എഴുതി നല്‍കിയതായും പോലീസ് വിശദമാക്കുന്നു.
ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിക്ക് ശേഷം വിവാഹം നടത്താമെന്ന് ഇരുവരുടേയും കുടുംബം പ്രതികരിച്ചതായാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നത്.