ന്യൂഡെല്‍ഹി: (www.kvartha.com 11.12.2020) ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് തുടങ്ങി. സര്‍കാര്‍ - സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് ആറ് വരെയാണ്. ഒപികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല.
അതേസമയം അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കോവിഡ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കും. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും ഐ എം എ വ്യക്തമാക്കി.
പ്രസവ ശസ്ത്രക്രിയയില്‍ പരിശീലനം നല്‍കാനുള്ള നീക്കത്തെ നേരത്തെ തന്നെ ഐ എം എ എതിര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസിപ്പോള്‍ കോടതി പരിഗണനയിലാണ്. സമരം സൂചനയായാണ് കണക്കാക്കുന്നത്. തീരുമാനം മാറ്റിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഐ എം എ പരിഗണിക്കുന്നത്.
ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താന്‍ കേന്ദ്ര സര്‍കാര്‍ നല്‍കിയ അനുമതിയാണ് വിവാദമായിരിക്കുന്നത്.
ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തില്‍ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാലിത് നല്‍കില്ലെന്നാണ് ഐ എം എ നിലപാട്.
ഡെല്‍ഹി എംയിസ് ഉള്‍പ്പെടെയുള്ള സര്‍കാര്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളായതിനാല്‍ കറുത്ത ബാഡ്ജ് കുത്തി ഇവിടുത്തെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും.