ന്യൂഡെല്‍ഹി: (www.kvartha.com 26.12.2020) കൊടും തണുപ്പില്‍ കര്‍ഷകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍. ഡെല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിലാണ് ജി ദേവരാജനും പങ്കാളിയായത്. സമരഭടന്മാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം സംസാരിച്ചു. 13 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സമരവേദിയിലൂടെ സഞ്ചരിച്ച അദ്ദേഹം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരെ അവഗണിച്ചു കൊണ്ട് ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ദേവരാജന്‍ പറഞ്ഞു.
ഡെല്‍ഹിയുടെ തെരുവോരങ്ങളില്‍ ഒരുമാസത്തോളമായി സമാധാനപരമായി ത്യാഗോജ്ജല സമരം നയിക്കുന്ന കര്‍ഷകരെ അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാനാണ് മോദി സര്‍കാരിന്റെ തീരുമാനമെങ്കില്‍ അത് സര്‍കാരിന്റെ പതനത്തില്‍ ചെന്നെത്തുകയുള്ളുവെന്നും ദേവരാജന്‍ ഓര്‍മ്മിപ്പിച്ചു.
ഇരുമ്പ് മറയ്ക്കുള്ളിലിരുന്ന് കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് പറയുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ് നിയമം ഉണ്ടാക്കിയതെന്ന് കൂടി വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
ഓരോ ദിവസം കഴിയുമ്പോള്‍ കൂടുതല്‍ പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കര്‍ഷകസമരത്തിന് ഉണ്ടാകുന്നത്.