കളം നിറഞ്ഞ് ഇന്ത്യന്‍ ബാറ്റ് സ് മാന്‍മാര്‍; പ്രതീക്ഷ കാത്ത് രാഹുലും ജഡേജയും സഞ്ജുവും; 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

 


കാന്‍ബറ: (www.kvartha.com 04.12.2020) കാന്‍ബറയില്‍ നടക്കുന്ന ഒന്നാം ട്വന്റി20 മത്സരത്തില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ ബാറ്റ് സ് മാന്‍മാര്‍. പ്രതീക്ഷ കാത്ത് രാഹുലും ജഡേജയും സഞ്ജുവും. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സിനൊടുവില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്.

അര്‍ധസെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രാഹുല്‍ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഏകദിന പരമ്പരയില്‍ മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വന്ന രാഹുലിന് ഫോം കണ്ടെത്താനായിരുന്നില്ല. അവസാന ഓവറുകളില്‍ പരിക്കേറ്റിട്ടും 23 പന്തില്‍നിന്ന് പുറത്താകാതെ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്.

അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. 12 മത്സരത്തിലെത്തി നില്‍ക്കുന്ന ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അവതരിച്ച മോയ്‌സസ് ഹെന്റിക്വസാണ് ഇന്ത്യയെ തകര്‍ത്തത്. ഹെന്റിക്വസ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

മലയാളി ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ ഇടംനേടിയ സഞ്ജു സാംസണ്‍, മികച്ച തുടക്കം മുതലാക്കാനാകാതെ ഒരിക്കല്‍ക്കൂടി പുറത്തായി. 15 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. അഞ്ചാം രാജ്യാന്തര ട്വന്റി20 കളിക്കുന്ന സഞ്ജുവിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കുന്നതില്‍ വിജയിച്ചതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടു പോലും തീര്‍ക്കാനായില്ല. മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ -സഞ്ജു സാംസണ്‍ സഖ്യം നേടിയ 38 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടില്‍ ഒന്ന്! ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം 18 പന്തില്‍ 38 റണ്‍സ് നേടിയാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. രണ്ടാം വിക്കറ്റില്‍ രാഹുല്‍ കോലി സഖ്യം 37 റണ്‍സും നേടി.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (ആറു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ഒന്‍പത് പന്തില്‍ ഒന്‍പത്), മനീഷ് പാണ്ഡെ (എട്ട് പന്തില്‍ രണ്ട്), വാഷിങ്ടണ്‍ സുന്ദര്‍ (അഞ്ച് പന്തില്‍ ഏഴ്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഇരുപത്തേഴുകാരന്‍ മിച്ചല്‍ സ്വെപ്‌സണാണ് കോലിയെ പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ ഒരേയൊരു സിക്‌സ് സഹിതം 16 റണ്‍സെടുത്തു. ഓസീസിനായി ഹെന്റിക്വസ് നാല് ഓവറില്‍ 22 റണ്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റെടുത്തു.

കളം നിറഞ്ഞ് ഇന്ത്യന്‍ ബാറ്റ് സ് മാന്‍മാര്‍; പ്രതീക്ഷ കാത്ത് രാഹുലും ജഡേജയും  സഞ്ജുവും; 162 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ
ഇന്ത്യന്‍ ടീം; ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി.നടരാജന്‍

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, മാത്യു വെയ്ഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസ് ഹെന്റിക്വസ്, സീന്‍ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍.

Keywords:  Finch races off in chase of 162; India aims early wickets, Australia, Cricket, Sports, News, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia