ലഖ്‌നൗ: (www.kvartha.com 16.12.2020) പിതാവ് ജയിലില്‍ ആകുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത ഒന്‍പതോ പത്തോ വയസുള്ള അങ്കിത് എന്ന ബാലന്‍ ജീവിക്കുന്നത് തെരുവില്‍ ബലൂണ്‍ വിറ്റാണ്. കൂട്ടിന് ഡാനി എന്ന തെരുവ് നായയും. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ എടുത്ത ഒരു പുതപ്പിനുള്ളില്‍ അങ്കിതും നായയും കിടന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
പിതാവ് ജയിലില്‍ ആണെന്നും മാതാവ് ഉപേക്ഷിച്ചെന്നും മാത്രമാണ് അങ്കിതിന് ഓര്‍മ്മയുള്ളത്. മുസാഫര്‍നഗറിലാണ് അങ്കിത് കഴിയുന്നത്. ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതാടെയാണ് അധികാരികളുടെ കണ്ണിലുംപെട്ടത്. ഉടന്‍ തന്നെ അധികാരികള്‍ കുട്ടിയെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഒടുവില്‍ അങ്കിതിനെ കണ്ടെത്തുന്നത്. നിലവില്‍ മുസാഫര്‍ നഗര്‍ പോലീസിന്റെ സംരക്ഷണത്തിലാണ് അങ്കിതും ഡാനിയുമുളളത്.
നായ അങ്കിതിന്റെ പരിസരത്ത് നിന്ന് മാറാറില്ലെന്ന് അങ്കിത് ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നു. നായക്കുള്ള പാല്‍ പോലും ആരില്‍ നിന്നും സൗജന്യമായി വാങ്ങാറില്ല. അങ്കിതിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.