ന്യൂ ഇയര്‍ പാര്‍ടിക്ക് പണം നല്‍കിയില്ല; 19-കാരന്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 29.12.2020) ന്യൂ ഇയര്‍ പാര്‍ടിക്ക് പണം നല്‍കാത്തതിന് 19-കാരന്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കിഴക്കന്‍ ഡെല്‍ഹിയിലെ റോഹ്ത്താഷ് നഗറില്‍ താമസിക്കുന്ന സതീഷ് കുമാരി(73)യാണ് കൊച്ചുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സതീഷ് കുമാരിയുടെ പേരക്കുട്ടിയും ബി ബി എ വിദ്യാര്‍ഥിയുമായ കരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. സതീഷിന്റെ മൂത്ത മകന്‍ സഞ്ജയുടെ മകനാണ് കരണ്‍. ന്യൂ ഇയര്‍ പാര്‍ടിക്ക് പണം നല്‍കിയില്ല; 19-കാരന്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് കൊല പുറംലോകമറിയുന്നത്. റോഹ്ത്താഷ് നഗറിലെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് സതീഷ് കുമാരി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടുമക്കളാണ്. മൂത്തമകനായ സഞ്ജയും കുടുംബവും മുകള്‍നിലയിലായിരുന്നു താമസിച്ചിരുന്നത്. മറ്റൊരു മകനായ മനോജ് സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസം.

ഞായറാഴ്ച രാവിലെ അമ്മയെ കാണാനെത്തിയ സഞ്ജയ് മുറി പൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സഹോദരനെ വിളിച്ച് വിവരമറിയിച്ചു. സഹോദരനെത്തിയശേഷം ഇരുവരും ചേര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

ചോരയില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി രക്തം പുരണ്ട ചുറ്റികയുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയായ കരണ്‍ ആണ് സമീപത്തെ വീട്ടില്‍നിന്ന് ചുറ്റിക കടം വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

മീററ്റില്‍ ബി ബി എ വിദ്യാര്‍ഥിയായ കരണ്‍ മുത്തശ്ശിയില്‍നിന്ന് പലപ്പോഴും പണം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ന്യൂ ഇയര്‍ പാര്‍ടിയില്‍ പങ്കെടുക്കാനായി കരണ്‍ മുത്തശ്ശിയോട് പണംചോദിച്ചു. എന്നാല്‍, പണം തരാനാകില്ലെന്ന് മുത്തശ്ശി തീര്‍ത്തു പറഞ്ഞതോടെ കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്നയാളില്‍നിന്ന് ചുറ്റിക കടം വാങ്ങിയെത്തിയ കരണ്‍ മുത്തശ്ശിയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 18,000 രൂപയും എടുത്ത് സ്ഥലംവിട്ടു.

കൊലപാതകത്തിന് പിന്നില്‍ കരണ്‍ ആണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് തന്നെയാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന് സഞ്ജയ് മകനെ ഫോണില്‍ വിളിക്കുകയും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിതാവ് പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ കരണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമാണ് കരണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Keywords:  Delhi: 19-year-old arrested for killing woman with hammer, New Delhi, News, Local News, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia