കൊച്ചി: (www.kvartha.com 20.12.2020) കൊച്ചിയിലെ ഷോപിങ് മാളില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പ്രതികളെന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങള്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു കൊച്ചിയിലെ ഷോപിങ് മാളില്‍ യുവനടിയെ അപമാനിക്കാനുള്ള ശ്രമം നടന്നത്. രണ്ട് പ്രതികളെക്കുറിച്ചാണ് പോലീസ് അന്യേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ഇവര്‍ തന്നെയാണ് പ്രതികളെന്ന് നടിയും തിരച്ചറിഞ്ഞിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കാതെയാണ് പ്രതികള്‍ മാളിനുള്ളില്‍ പ്രവേശിച്ചത്. നടി പരാതി നല്‍കിയിരുന്നില്ലെങ്കിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസും വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അതേസമയം വണ്ടി കാര്യത്തിന് തൃശ്ശൂരും, അവിടുന്ന് ജോലിയുടെ ആവശ്യത്തിനുമായാണ് യുവാക്കള്‍ കൊച്ചിയില്‍ എത്തിയതെന്നും അല്‍പ്പസമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ലുലുമാളില്‍ എത്തിയതെന്നുമാണ് യുവാക്കളുടെ മറുപടി. ഇതിനിടെയാണ് നടിയെ കണ്ടതും സെല്‍ഫി എടുക്കാന്‍ പോയതെന്നും, മനപ്പൂര്‍വ്വം സംഭവിച്ചതല്ലെന്നും യുവാക്കള്‍ പറഞ്ഞു.