ജനപ്രിയ കാര്‍ ഡിസൈനര്‍ ദിലിപ് ഛബ്രി വഞ്ചാനാകുറ്റത്തിന് അറസ്റ്റില്‍
Dec 30, 2020, 10:58 IST
മുംബൈ: (www.kvartha.com 30.12.2020) ജനപ്രിയ കാര്‍ ഡിസൈനറും രാജ്യത്തെ പ്രശസ്ത കാര്‍ മോഡിഫിക്കേഷന്‍ സ്റ്റുഡിയോ ആയ ഡിസി (ദിലിപ് ഛബ്രി) സ്ഥാപകനുമായ ദിലിപ് ഛബ്രിയയെ വഞ്ചാനാകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 467, 468, 471, 120(ബി), 34 എന്നീ വകുപ്പുകള്‍ ചുമത്തി മുംബൈ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
എന്നാല്‍ അറസ്റ്റിന് കാരണമായ പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദിലിപ് ഛാബ്രിയയുടെ സ്പോര്‍ട്സ് കാര്‍ ഡിസി അവന്തി പൊലീസ് സംഘം പിടിച്ചെടുത്തതായും റിപോര്‍ടുകളുണ്ട്.
ഒരേ എഞ്ചിന്‍, ചേസിസ് നമ്പറുകളുള്ള ഡിസി അവന്തി സ്പോര്‍ട്സ് കാറിന്റെ ഒന്നിലധികം യൂണിറ്റുകള്‍ ചബ്രിയ അനധികൃതമായി വില്‍ക്കുകയായിരുന്നുവെന്നും കൂടാതെ ഒരു കാര്‍ ഉപയോഗിച്ച് നിരവധി വായ്പകള്‍ എടുക്കുകയും തുടര്‍ന്ന് ആ കാര്‍ മൂന്നാം കക്ഷിക്ക് വിറ്റ് കബളിപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ഇതുകൂടാതെ, സ്വന്തം കമ്പനി രൂപകല്‍പ്പന ചെയ്ത കാറുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിന് മുമ്പ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ (എന്‍ബിഎഫ്സി) വായ്പയെടുത്ത് ഛബ്രിയ വാങ്ങിയതായും പോലീസ് ആരോപിക്കുന്നു. 90 ല്‍ അധികം കാറുകള്‍ ഈ രീതിയില്‍ വിറ്റതായി പൊലീസ് സംശയിക്കുന്നു. കുറഞ്ഞത് 40 കോടി രൂപയുടെ അഴിമതിയാണ് ഡിസി അവന്തി കാര്‍ ഇടപാടിലൂടെ നടന്നതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു.
പൊലീസ് പിടിച്ചെടുത്ത ഡിസി അവന്തി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്പോര്‍ട്സ് കാറായാണ് അറിയപ്പെടുന്നത്. ബോളീവുഡിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡിസിയുടെ മോഡിഫൈഡ് വാഹനങ്ങളുടെ ആരാധകരായിട്ടുള്ളത്. ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെ രൂപത്തിലേക്ക് ഉടമകളുടെ ആവശ്യപ്രകാരം കാറുകള്‍ രൂപമാറ്റം ചെയ്ത് നല്‍കിയാണ് ദിലിപ് ഛാബ്രിയയും ഡിസിയും പ്രസിദ്ധമാകുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ദിലിപ് ഛാബ്രിയയുടെ അറസ്റ്റ് ഞെട്ടലോടെയാണ് വാഹനലോകം കേട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.