കണ്ണൂര്‍: (www.kvartha.com 11.12.2020) കേരള സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവും എം പിയുമായ സുരേഷ് ഗോപി. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഈ സര്‍കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുന്നത് പ്രസംഗിക്കുന്നതിനിടെയായിരുന്നു ആരോപണം.
'വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്. അത്തരത്തില്‍ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബി ജെ പി എം എല്‍ എമാര്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു', സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ ബി ജെ പിക്ക് ഗംഭീര വിജയമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ബി ജെ പി ഭരണം പിടിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
'ഇത്രയും നാള്‍ പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബി ജെ പിക്ക് ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇങ്ങു വരണം', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍കാരിന്റെ മുഖമുദ്രയെന്നും ഇത്തരം സര്‍കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം പാവമാണെന്നും ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.