ന്യൂയോര്‍ക്ക്: (www.kvartha.com 05.12.2020) ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മുഹ്സിന്‍ ഫഖ്രിസദേയുടെ കൊലപാതകം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തെ സങ്കീര്‍ണമാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇറാനുമായി ഇനിയുള്ള ചര്‍ച്ചകളും മറ്റു നീക്കങ്ങളും എല്ലാം വളരെ ബുദ്ധിമുട്ടാകുമെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞു.
അണ്വായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യമെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു. ഇറാനുമായുള്ള മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആണവകരാറിന് സഹായം നല്‍കിയ വ്യക്തിയാണ് ബൈഡന്‍. എന്നാല്‍ 2015 ലെ ആണവ കരാറില്‍ നിന്ന് അമേരിക്കയെ പിന്‍വലിച്ചതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ വിമര്‍ശിക്കുകയും ചെയ്തു.
അവര്‍ക്ക് കൂടുതല്‍ അണ്വായുധങ്ങള്‍ നിര്‍മിക്കാനുള്ള അവസരം നല്‍കുകയാണ് ട്രംപ് ചെയ്തത്. കരാര്‍ പിന്‍വലിച്ചതോടെ അവര്‍ക്ക് കൂടുതല്‍ അണ്വായുധ സാമഗ്രികള്‍ നിര്‍മിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനായി. ഒരു അണ്വായുധത്തിന് ആവശ്യമായ വസ്തുക്കള്‍ കൈവശം വയ്ക്കാനുള്ള ശേഷിയിലേക്ക് അവര്‍ കൂടുതല്‍ അടുക്കുകയാണ്. അണ്വായുധ മിസൈല്‍ നിര്‍മാണവും വര്‍ധിച്ചെന്ന് ബൈഡന്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് മുതിര്‍ന്ന യുഎസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.