ടെല്‍-അവീവ്: (www.kvartha.com 09.12.2020) ഇസ്രയേലിന്റെ മുന്‍ സ്പേസ് സെക്യൂരിറ്റി ചീഫ് ഹയിം എഷദ്(87)ന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നു. അന്യഗ്രഹജീവികള്‍ നിലവിലുണ്ടെന്നും അവരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ട്രംപിന് അതിന് കുറിച്ച് അറിയാമെന്നും ഹയിം എഷദ് പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് ശാസ്ത്രത്തിന് ഇതുവരെ ഒരു തെളിവും കൊടുക്കാന്‍ കഴിയാത്ത വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളുണ്ടെന്നും ട്രംപിന് ഇതിനെക്കുറിച്ച് അറിവുണ്ടെന്നുമാണ് ഇസ്രയേലിന്റെ സ്പേസ് സെക്യൂരിറ്റി ചീഫ് പറഞ്ഞത്. ഇസ്രയേല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹയിം എഷദ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
അന്യഗ്രഹജീവികള്‍ നിലനില്‍ക്കുന്നുവെന്നത് ഒരു രഹസ്യമായി തങ്ങള്‍ സൂക്ഷിക്കുന്നത് മനുഷ്യര്‍ ഈ വാര്‍ത്ത കേള്‍ക്കാന്‍ സജ്ജരല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും അന്യഗ്രഹ ജീവികളും തമ്മില്‍ പ്രപഞ്ചത്തിന്റെ ഗതിവിഗതികളെകുറിച്ച് പഠിക്കാന്‍ പ്രത്യേക കരാറുണ്ടാക്കിയിട്ടുണ്ടെന്ന വിചിത്ര വാദവും ഹയിം എഷദ് അഭിമുഖത്തില്‍ ഉന്നയിച്ചു. ചൊവ്വയില്‍ വെച്ചാണ് രഹസ്യമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. അന്യഗ്രഹജീവികളും അമേരിക്കയുമായുള്ള സഖ്യത്തെ ഗാലക്റ്റിക്ക് ഫെഡറേഷന്‍ എന്നാണ് ഹയിം എഷദ് നിര്‍വചിക്കുന്നത്.
അന്യഗ്രഹജീവികളുമായുള്ള സഖ്യമായ ഗാലക്റ്റിക്ക് ഫെഡറേഷന്‍ മനുഷ്യര്‍ തങ്ങളെ അംഗീകരിക്കാന്‍ ഇതുവരെ തയ്യറല്ലെന്ന് പറഞ്ഞതുകൊണ്ടാണ് ട്രംപ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം പറയുന്നു.
അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി ട്രോളുകളും ചര്‍ച്ചകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഡൊണാള്‍ഡ് ട്രംപോ വൈറ്റ് ഹൗസോ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
മൂന്ന് ദശാബ്ദക്കാലത്തോളം ഇസ്രയേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ തലവനായിരുന്ന ഒരാള്‍ ശാസ്ത്രീയമായ ഒരു തെളിവുമില്ലാതെ ഇത്തരമൊരു ആരോപണം മുന്നോട്ട് വെക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഭൂമിക്ക് പുറത്തും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത അമേരിക്കയോ, നാസയോ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് അന്യഗ്രഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് സര്‍വ്വ സന്നാഹങ്ങളുമുള്ള പെന്റഗണ്‍ സൈന്യത്തെ നിയമിച്ചിരുന്നു.