കാന്‍ബെറ: (www.kvartha.com 02.12.2020) ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്ക് 303 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. ആറാം വിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ - രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ 302-ല്‍ എത്തിച്ചത്.
76 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ബൗണ്ടറികളുമായി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ 92 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട ജഡേജ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 66 റണ്‍സെടുത്ത് ഹാര്‍ദിക്കിന് ഉറച്ച പിന്തുണ നല്‍കി.
ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഇവര്‍ക്ക് ശേഷം ഇന്ത്യയ്ക്കായി തിളങ്ങിയ ഏക ബാറ്റ്സ്മാന്‍. 78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി. കരിയറിലെ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സെഞ്ച്വറി പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കരിയറിലെ ഒരു വര്‍ഷം കടന്നുപോകുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. 27 പന്ത് നേരിട്ട് രണ്ടു ബൗണ്ടറിയടക്കം 16 റണ്‍സെടുത്ത ധവാനെ സീന്‍ ആബോട്ടാണ് മടക്കിയത്.
മായങ്ക് അഗര്‍വാളിന് പകരം ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 39 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും മൂന്നു ഫോറുമടക്കം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഗില്ലിന് സാധിച്ചു.
ശ്രേയസ് അയ്യര്‍ (19), കെ.എല്‍ രാഹുല്‍ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
കഴിഞ്ഞ രണ്ടു ഏകദിനങ്ങളും പരാജയപ്പെട്ട് പരമ്പര നഷ്ടമായ ഇന്ത്യ നാലു മാറ്റങ്ങളുമായാണ് ബുധനാഴ്ച കളത്തിലിറങ്ങിയത്. മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലും ചാഹലിന് പകരം കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയ്ക്ക് പകരം തമിഴ്‌നാട് പേസര്‍ ടി നടരാജനും നവ്ദീപ് സെയ്നിക്ക് പകരം ശാര്‍ദുല്‍ താക്കൂറൂം ടീമില്‍ ഇടം നേടി.