നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു

 


തിരുവനന്തപുരം: (www.kvartha.com 01.11.2020) നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും. രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍നിന്നു പുറത്തുപോയിരുന്നില്ല. രാവിലെ കടുവയുള്ള സ്ഥലം കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു.

കടുവയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലെ വിദഗ്ധ സംഘം വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിയിരുന്നു. നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു

വയനാട്ടില്‍നിന്ന് നെയ്യാര്‍ ഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് അതില്‍ നിന്നും ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാര്‍ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാര്‍ക്ക് എന്നതിനാല്‍ കടുവ ജനവാസകേന്ദ്രത്തില്‍ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. കടുവയെ തിരിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമം ശനിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെയാണ് ഫലം കണ്ടത്.

ശനിയാഴ്ച ഉച്ചയോടെ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്താന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെ സഫാരി പാര്‍ക്കിന്റെ പ്രവേശനകവാടത്തിനു സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അടുത്തുള്ള പൊന്തക്കാട്ടിലേക്കു മറഞ്ഞ കടുവയെ സന്ധ്യയായിട്ടും കണ്ടെത്താനായില്ല. ആളനക്കം ഉണ്ടാകുമ്പോള്‍ പൊന്തക്കാടുകള്‍ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങിയതാണ് അധികൃതരെ കുഴക്കിയത്.

രാത്രിയോടെ കൂടിനുള്ളില്‍ ആടിനെ കെട്ടി കടുവയെ ആകര്‍ഷിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും അതു ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

വയനാട് പുല്‍പ്പള്ളിയില്‍ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാര്‍ ഡാമില്‍ എത്തിച്ചത്. ഒന്‍പത് വയസ്സുള്ള പെണ്‍കടുവയാണ് കൂട്ടില്‍നിന്നു ചാടിപ്പോയത്.

ഡി എഫ് ഒ ജെ ആര്‍ അനി, നെയ്യാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി സന്ദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ സംഘം വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.

Keywords:  The tiger jumped out of its cage at the Neyyar Safari Park, Thiruvananthapuram, News, Tiger, Trending, Forest, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia