മരണത്തിന് തൊട്ടു മുന്‍പ് യുവതി പറഞ്ഞു 'തന്നെ ആട് ഇടിച്ചതല്ല'; മൊഴി നിര്‍ണായകമായി, ഭര്‍ത്താവ് അറസ്റ്റില്‍
Nov 30, 2020, 09:38 IST
കൊല്ലം: (www.kvartha.com 30.11.2020) മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി. 'എന്നെ ഇടിച്ചിട്ടത് ആടല്ല' എന്ന് മരണത്തിനു തൊട്ടു മുന്‍പ് യുവതി മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്.
ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്നായിരുന്നു ഭര്‍ത്താവായ അരുണിന്റെ മൊഴി. ആദ്യമൊന്നും ആശയും ഇത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ മരണത്തിനു തൊട്ടു മുന്‍പ് ആശ തന്നെ ആട് ഇടിച്ചതല്ല എന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റസമ്മതം നടത്തി.
നവംബര്‍ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്.
എന്നാല്‍ മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ട് അരുണ്‍ വയറ്റില്‍ ചവിട്ടിയതോടെ യുവതി അബോധാവസ്ഥയിലായി. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പോലീസ് ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.