അതേസമയം കോടതിയില്‍ നിന്നുള്ള ഉത്തരവോ സമന്‍സോ ഇല്ലാതെ അര്‍ണബിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലേക്കുള്ള എല്ലാ കവാടങ്ങളും സീല്‍ ചെയ്തതായും ആരെയും പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പൊലീസ് തിരിച്ചയച്ചു. പൊലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. 

2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് മുംബൈ പൊലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.
അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു. പിന്നാലെ മുംബൈ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അര്‍ണബ് രംഗത്തെത്തിയിരുന്നു.
ഇന്റീരിയര്‍ ഡിസൈനറായ ആന്‍വി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍വി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാല്‍ കുമുദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആന്‍വി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം.
ആന്‍വിയുടെ ആത്മഹത്യാ കുറിപ്പില്‍ അര്‍ണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകള്‍ വലിയ തുകകള്‍ നല്‍കാനുണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അര്‍ണബ് ഗോസ്വാമി, ഫിറോസ് ഷെയ്ക്, നിതീഷ് സര്‍ദ എന്നിവര്‍ യഥാക്രമം 83 ലക്ഷം, നാലു കോടി, 55 ലക്ഷം എന്നിങ്ങനെ വലിയ തുകകള്‍ നല്‍കാനുണ്ടെന്നാണ് പറയുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആന്‍വി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ താന്‍ പണം മുഴുവന്‍ നല്‍കിയെന്നു പറഞ്ഞ് അര്‍ണബ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
2019ല്‍ ആരോപണവിധേയകര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു കാണിച്ച് റയിഗഡ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് 2020 മേയില്‍ അര്‍ണബ് 83 ലക്ഷം രൂപ തന്റെ പിതാവിനു നല്‍കാനുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാല്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആന്‍വിയുടെ മകള്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ സമീപിച്ചു. തുടര്‍ന്ന് കേസ് സിഐഡി വിഭാഗത്തെ ഏല്‍പ്പിക്കുകയായിരുന്നു. നിലവില്‍ പൊലീസിനൊപ്പം എത്തിയ സിഐഡി സംഘമാണ് അര്‍ണബിനെ അറസ്റ്റു ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപിച്ചത്, സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ സമൂഹത്തില്‍ സംഘര്‍ഷത്തിനു കാരണമാകുംവിധം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ കേസുകളും അര്‍ണബിനെതിരെയുണ്ട്. അര്‍ണബിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതു തടഞ്ഞ ബോംബൈ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സുപ്രീം കോടതിയിലാണ്.
ഇതിനു പുറമേ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മുംബൈ പൊലീസുമായി അര്‍ണബ് ഇടഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
അതേസമയം അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു. മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള അതിക്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിയമാനുസൃതമായ അറസ്റ്റാണ് നടന്നതെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. പൊലീസിന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അവര്‍ക്ക് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Republic TV editor Arnab Goswami arrested in 2018 suicide abetment case; ministers, Editors Guild express shock, Mumbai,News,Arrested,Police,CCTV,attack,Allegation,Video,Family,National.