പാലക്കാട്: (www.kvartha.com 02.11.2020) മോട്ടോര്‍ വാഹനവകുപ്പിന്റെ രാത്രികാല പരിശോധന തടസ്സപ്പെടുത്തിയതിന് പഞ്ചായത്തംഗമുള്‍പ്പടെ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂര്‍ പഞ്ചായത്തംഗം എ. ഹുസൈന്‍ ഷഫീക്കിനും കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച യുവാവിന് സപ്പോര്‍ട്ടായി പഞ്ചായത്ത് അംഗം എത്തിയതാണ് സംഭവം.
മൂന്ന് ദിവസം മുന്‍പ് ഒറ്റപ്പാലം പത്തിരിപ്പാലയില്‍ മങ്കര ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാവിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചു. പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. 10000 രൂപ പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇത് അനുസരിക്കാതെ മണ്ണൂര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ്സ് നേതാവുമായ ഹുസൈന്‍ ഷഫീക്കിനെ യുവാവ് വിളിച്ചു വരുത്തി.
പിന്നീട് നാട്ടുകാരും ഇവരോടൊപ്പം കൂടി ഒരു മണിക്കോറോളം കൃത്യ നിര്‍വ്വഹണം തടസ്സെപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ഒറ്റപ്പാലം പോലീസെത്തിയാണ് നഗരത്തില്‍ തടിച്ചുകൂടിയ ആളുകളെ പിരിച്ച് വിട്ടത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് ഹുസൈന്‍ ഷഫീക്കിനെതിരെ ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അറസ്റ്റിലാകുമെന്ന് കണ്ടതോടെ പ്രതി ഹുസൈന്‍ ഷഫീക്ക് ഒളിവില്‍ പോയെന്നും പോലീസ് പറഞ്ഞു.
അതേസമയം നടപടിയെടുക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈകൂലി ആവശ്യപ്പെട്ടെന്നും ഇതോടെയാണ് താന്‍ പ്രകോപിതനായതെന്നുമാണ് പ്രതി ചേര്‍ക്കപ്പെട്ട ഹുസൈന്‍ ഷഫീക്കിന്റെ വാദം.