വാഷിംഗ്ടണ്‍ ഡിസി: (www.kvartha.com 03.11.2020) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായെന്നാണ് രൂക്ഷ വിമര്‍ശനം.
ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി, ഈ ദുരന്ത സമയം തീര്‍ന്നു, ഈ ട്വീറ്റുകള്‍ തീര്‍ന്നു, ഈ ദേഷ്യവും വിദ്വേഷവും അവസാനിക്കുന്നു, ഈ പരാജയവും നിരുത്തരവാദിത്വവും അവസാനിക്കും. പ്രസിഡന്റായാല്‍ ആദ്യ ദിവസം മുതല്‍ കോവിഡ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും. കൊറോണയെ വരുതിയിലാക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് എന്ന ക്രമത്തില്‍ വോട്ടു തേടി അലയുകയാണ് ട്രംപ്. നിരവധിപ്പേരാണ് മാസ്‌ക്‌പോലും ധരിക്കാതെ അദ്ദേഹത്തെ അനുഗമിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു.
രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം ട്രംപിനെ തുരത്തണം. അദ്ദേഹം ആഹ്വാനം ചെയ്തു. ഒഹിയോയിലെ ക്ലെവ്‌ലന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍.