മാധ്യമമാരണ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; നടപടി ക്രമം തയാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: (www.kvartha.com 22.11.2020) മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അതു കേരളത്തില്‍ വിലപ്പോകില്ല.ഇതിനെതിരേ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയപോരാട്ടവും നടത്തും. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരും. ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസിന് നേരിട്ട് എടുക്കാവുന്ന കോഗ്നിസിബിള്‍ കേസാണിത്. 

വാറന്റില്ലാതെ കേസെടുക്കാനും പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. അഞ്ച് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടി ദേശീയ തലത്തില്‍ വരെ വാതോരാതെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം നിരവധി കരിനിയമങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.  എന്നാല്‍ ആ നിയമങ്ങളെയെല്ലാം വെല്ലുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പോലീസ് നിയമം. സമനില തെറ്റിയതുപോലെയും വെറളിപിടിച്ചതുപോലെയുമാണ് സര്‍ക്കാരിന്റെ ഓരോ നടപടികളെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

അതേ സമയം കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ് ഒ പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ഡി ജി പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala,Social Media, Media, Pinarayi Vijayan, Government,Police, Top-Headlines, Oommen Chandy says implementation of media death law will not be allowed; The state police chief said that action would be taken
 

Post a Comment

Previous Post Next Post