കുവൈത്ത് സിറ്റി: (www.kvartha.com 01.11.2020) ആശുപത്രിക്കുള്ളില്‍ രോഗിയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആരോപണം അന്വേഷിച്ചതായും എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപോര്‍ട്ട് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം വാര്‍ഡില്‍ ആയിരുന്നപ്പോള്‍ ഇദ്ദേഹം മറ്റ് രോഗികളെയും മെഡിക്കല്‍ ടീമിനെയും വകവെക്കാതെ പുകവലിച്ചിരുന്നതായും ആശുപത്രിക്കുള്ളില്‍ പുകവലിക്കരുതെന്ന നിയമത്തിന്റെ ലംഘനമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് രോഗികളുടെയും സുരക്ഷിതത്വത്തിന് വേണ്ടിയാണിതെന്നും മന്ത്രാലയം ഇക്കാര്യവുമായി ഓര്‍മ്മപ്പെടുത്തി.