Follow KVARTHA on Google news Follow Us!
ad

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ 24 മണിക്കൂറിലേറെ നീണ്ട എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം കേരള പൊലീസ് തടഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Thiruvananthapuram,News,Politics,Smuggling,Raid,Arrest,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com 05.11.2020) ബംഗളൂരു മയക്കുമരുന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ 24 മണിക്കൂറിലേറെ നീണ്ട എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടേയും സി ആര്‍ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്ന് എ സി പി പറഞ്ഞു. തുടര്‍ന്ന് വാഹനം വിട്ടയക്കുകയായിരുന്നു. ഇ ഡിയില്‍ നിന്ന് വിശദീകരണം തേടി പൊലീസ് മെയില്‍ അയച്ചു.

ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ബന്ധുക്കളേയും വീടിനുളളില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അമ്മാവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൂജപ്പുര പൊലീസിലാണ് പരാതി നല്‍കിയത്.ED raid ends at Bineesh Kodiyeri’s house, Thiruvananthapuram, News, Politics, Smuggling, Raid, Arrest, Trending, Kerala

വീട്ടില്‍ റെയ്ഡ് നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വീട്ടില്‍നിന്നു കണ്ടെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇല്ലെങ്കില്‍ ബിനീഷ് ഇനിയും കുടുങ്ങുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ വിങ്ങിപ്പൊട്ടി. ഇഡി ഉദ്യോഗസ്ഥര്‍ ആകെ എടുത്തത് അമ്മയുടെ ഐഫോണ്‍ മാത്രമാണെന്നും ബിനീഷ് ഒരു ബോസും ഡോണും അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്ന ബിനീഷ് കോടിയേരിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എത്തിയത് അപ്രതീക്ഷിത നീക്കമായി. ഭക്ഷണവും വസ്ത്രവുമായെത്തിയ ബന്ധുക്കളെ കര്‍ണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മില്‍ കയര്‍ത്തതോടെ സംസ്ഥാന പൊലീസ് വീടിന് മുന്നിലെത്തി.

ബിനീഷിന്റെ രണ്ട് വയസായ കുഞ്ഞും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും അടക്കമുളളവര്‍ വീട്ടിനുളളിലുണ്ടെന്നും അവരെ കാണാതെ വീടിന് മുന്നില്‍ നിന്ന് പോകില്ലെന്നുമായിരുന്നു ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിന്റെ മാതാവിന്റെ സഹോദരിയടക്കമുളളവരാണ് വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇ ഡി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇ ഡി അനുവദിച്ചില്ല.

പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന്‍ സംസാരിച്ചു. തര്‍ക്കം രൂക്ഷമായതോടെയാണ് തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുമ്പുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തെ സി പി എം പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. വ്യാഴാഴ്ചയും ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് തുടരുമെന്നാണ് സൂചന.

അതേസമയം, ഇഡിയുടെ പരിശോധനയ്‌ക്കെതിരെ കുടുംബം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി . ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവില്‍ വച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ബിനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി.

കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ വ്യക്തമാക്കി. കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് പെട്ടെന്നുതന്നെ പുറപ്പെടുവിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.

അതേസമയം, ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന രേഖകള്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യമാതാവും ആരോപിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെങ്കില്‍ ആ സമയത്ത് അത് തങ്ങളെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും, അല്ലാതെ ഇഡി പറയുന്നിടത്ത് ജയിലില്‍ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് അവര്‍ വ്യക്തമാക്കി. മുറിയില്‍ അടച്ചിട്ടാണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് ആരോപിച്ചു.

ഭാര്യയെയും മകളെയും തടഞ്ഞുവച്ചിരിക്കുകയാണെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മിഷന്‍, ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ബിനീഷിന്റെ ഭാര്യയെ അല്‍പസമയം പുറത്തേക്ക് വരാന്‍ ഇഡി അനുവദിക്കുകയായിരുന്നു.

Keywords: ED raid ends at Bineesh Kodiyeri’s house, Thiruvananthapuram, News, Politics, Smuggling, Raid, Arrest, Trending, Kerala.

Post a Comment