Follow KVARTHA on Google news Follow Us!
ad

പുസ്തക പരിചയം; എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതും

പുസ്തക പരിചയം; എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതും Book Experience; My joys and sorrows are sometimes yours
ചന്ദ്രന്‍ കരിവെളളൂര്‍

(www.kvartha.com 15.11.2020) ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക എന്നതു തന്നെ ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. പലര്‍ക്കും ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നു എന്നതാണ് ഇന്നിന്റെ ദുരന്തം. ഇവിടെയാണ് കൂക്കാനം റഹ്മാന്‍ മാസ്റ്റര്‍ തന്റെ ജീവിതത്തിലെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും ഓര്‍മ്മകളെ അക്ഷരങ്ങളിലൂടെ വായനക്കാരിലെത്തിക്കുന്നത്. 22-ഓളം അധ്യായങ്ങളുളള ഈ പുസ്തകത്തിലൂടെ ബാല-കൗമാര-യൗവന കാലത്തെ വ്യക്തി ഗതവും സാമൂഹികവുമായ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് റഹ്മാന്‍ മാസ്റ്റര്‍് . കേരളീയ സമൂഹത്തില്‍ ഈയിടെയായി ഉയര്‍ന്നു വരുന്ന ഹിപ്പോക്രാറ്റിക്ക്  സ്വഭാവത്തിന്റെ മുഖംമൂടി വലിച്ചെറിയപ്പെടുകയും, ആഗോള കമ്പോളവല്‍ക്കരണത്തിന്റെ ഫലമായി നമുക്ക് അന്യാധീനമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ തിരിച്ച് പിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും.

 

തന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ തന്റെതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകര്‍ സ്‌ക്കൂള്‍ വിട്ടിറങ്ങണം. എന്ന ചൈതന്യയതിയുടെ വാക്കുകള്‍ പരിഗണിച്ചാല്‍ റഹ്മാന്‍ മാസ്റ്റര്‍ ഒരിക്കലും സ്‌ക്കൂള്‍ വിട്ടിറങ്ങാന്‍ പാടില്ലാത്ത സ്‌നേഹനിധിയായ ഒരധ്യാപകനാണ്. നാല് പതിറ്റാണ്ടോളം അധ്യാപകനായിരുന്ന റഹ്മാന്‍ മാസ്റ്റര്‍ അക്കലമത്രയും തന്റെ കുട്ടികളെ മാത്രമല്ല സഹപ്രവര്‍ത്തകരെയടക്കം നിര്‍മ്മലമായ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ ഒരു വലിയ മനുഷ്യ സ്‌നേഹിയാണ്. സത്യവും നീതിയും ആത്മാര്‍ത്ഥതയും ജീവിത്തിലുടനീളം വച്ചു പുലര്‍ത്തിയ റഹ്മാന്‍ മാസ്റ്ററുടെ ജീവിതം അതി ജീവനത്തിന്റെ ഒരു പോരാട്ടമായിരുന്നു. 

തന്റെ കുടുംബത്തിനകത്തും, തൊഴില്‍ ഇടങ്ങളിലും പല സന്ദര്‍ഭങ്ങളിലും കലഹിക്കേണ്ടി വന്നതിനെപ്പറ്റിയും ,പിന്നീട് അതില്‍ മനസ്സലിഞ്ഞ് പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കകയും ചെയ്യുന്ന ലോലമായ ഒരു മനസ്സിന്റെ ഉടമകൂടിയാണ് റഹ്മാന്‍ മാസ്‌ററര്‍ എന്ന്  ഈ  പുസ്തകത്തിലൂടെ നമുക്കറിയാന്‍ കഴിയും. സഹോദരങ്ങള്‍ ചീത്ത വിളിച്ചപ്പോഴുണ്ടായ മാനസീക സംഘര്‍ഷം മൂലം സ്വന്തം ഉമ്മയോട് അല്പം കയര്‍ത്തു സംസാരിക്കേണ്ടി വന്നതും, പിന്നീട് ഇതിന്റെ ദുഖഭാരം സഹിക്കവയ്യാതെവന്നപ്പോള്‍ രാത്രി ഏറെ വൈകി, ഉമ്മ കിടന്നുറങ്ങിയപ്പോള്‍, മുറിയില്‍ച്ചെന്ന് ഉമ്മയുടെ കാലില്‍ തൊട്ട് ഉമ്മാ മാപ്പു തരണേ അറിയാതെ പറ്റിയതാണേഎന്ന് പറഞ്ഞ് കരയുന്ന റഹ്മാന്‍ മാസ്റ്ററുടെ ചിത്രം നമ്മുടെ മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കുന്നുണ്ട്. നാം ജീവിതത്തില്‍ ശരിയുടെ വഴിയിലൂടെ സഞ്ചരിച്ചാല്‍ ,സത്യസന്ധതയും , ആത്മാര്‍ത്ഥതയും വിടാതെ സൂക്ഷിച്ചാല്‍  കാലം നമ്മെ അംഗീകരിക്കുക തന്നെ ചെയ്യുമെന്ന് ഈ പുസ്തകത്തിലെ പല അധ്യായങ്ങളും നമുക്ക് കാട്ടിതരുന്നുണ്ട്. 

മകന്റെ കുഞ്ഞു നാളിനെകുറിച്ചുളള ഓര്‍മ്മകള്‍ തുടങ്ങി പല അധ്യായങ്ങളിലൂടെ റഹ്മാന്‍ മാസ്റ്റര്‍ നമ്മെ നമ്മുടെ കുട്ടികാലത്തേക്ക് കൂട്ടി പോകുന്നതായും ,വല്ലാത്തൊരു ഗൃഹാതുരത്വം നമ്മില്‍ ഉണര്‍ത്തുന്നതായും അനുഭവപ്പെടുന്നുണ്ട്. ഗ്രാമീണ നൈര്‍മല്യം തുളുമ്പുന്ന, നഷ്ടപ്പെട്ട ഒത്തിരി നാടന്‍ പദ പ്രയോഗങ്ങളിലൂടെ ഉദാ-കൈതാങ്ങി,തോട്,ഉരല്‍,കഞ്ഞി തച്ച്‌നനക്കല്,നെല്ല് പുഴുങ്ങല് ,നമ്മെ നാട്ടു ന•യുടെ സൗരഭ്യം വിതറുന്ന നാടോടി കഥകളിലേക്കും പോയകാലത്തിന്റെ ഓര്‍മ്മകളിലേക്കും കൂട്ടികൊണ്ട് പോകുന്നുണ്ട്. ഉപ്പയുടെ സ്‌നേഹ പരിലാളനകള്‍ ഏറെയൊന്നും ലഭിക്കാതിരുന്ന തന്റെ ബാല്യകാല ഓര്‍മ്മകളും, ഒരിക്കല്‍ തന്റെ ഉപ്പയെ കാണാന്‍ കൊതിച്ച് , ഓട്ടോറിക്ഷയില്‍ തൃക്കരിപ്പൂരിലുളള ഉപ്പയെ തേടി പോകുന്നതും അതി നാടകീയമായി അവതരിപ്പിക്കുന്നുണ്ട്. 

പലതും അപ്രതീക്ഷിതമായി നടക്കുന്നു . വിവരമുളളവരെ പഠിപ്പിക്കുകയല്ല അധ്യാപക ധര്‍മ്മം,മറിച്ച് ദിശാബോധമില്ലാത്തവരെ ബോധവാന്‍മാരാക്കുകയും നേരിന്റെയും അറിവിന്റെയും പാതയിലേക്ക് നയിക്കുകയാണ്. അതിനാല്‍ സ്‌നേഹത്തിന്റെ ഭാഷയാകണം ഓരധ്യാപകന്റെ ഭാഷ. അങ്ങിനെ അറിവിനെ സ്‌നേഹത്തില്‍ ചാലിച്ച്  മനുഷ്യന്റെ ഉളളം തൊട്ടറിഞ്ഞ വരാണ് അധ്യാപകര്‍. ഈയര്‍ത്ഥത്തില്‍ റഹ് മാന്‍ മാസ്റ്റര്‍ ഒരു ഉത്തമ അധ്യാപകനാണെന്ന് ഈ പുസ്തകത്തിലെ പല അധ്യാങ്ങളിലൂടെ ഉദാ- പോക്കറ്റ് ഓഫീസറും കാലിച്ചാക്കും,സമ്പൂര്‍ണ്ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍ ,നമുക്ക് ബോധ്യപ്പെടും. ഗതകാല സംസ്‌കൃതിയേയും കാര്‍ഷിക സംസ്‌ക്കാരത്തേയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട് ചില അധ്യായങ്ങള്‍.

ജീവിതത്തിലെ യാദൃശ്ചികതളെകുറിച്ചും അനിശ്ചിതത്തെകുറിച്ചും പരാമര്‍ശിക്കുന്ന ഈ കൃതി മനുഷ്യമനസ്സിന്റെ വിഹ്വലതകളിലേക്കും സഞ്ചരിക്കാന്‍ നമ്മെ പ്രരിപ്പിക്കുന്നുണ്ട്. നാം ഏതൊരു ജോലിയും ഏറ്റെടുത്താല്‍ ആ തസ്തികതയുടെ ആഴവും പരപ്പും എത്രത്തോളം വിശാലമായ അര്‍ത്ഥത്തില്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗ പ്രദമാക്കി തീര്‍ക്കാന്‍ സാധിക്കുമെന്നതിന് തന്റെ അനുഭവ സാക്ഷ്യങ്ങള്‍ നിരത്തിവെക്കുന്നുണ്ട്. 

ഇതിലെ ചില അധ്യായങ്ങളില്‍ ചില തസ്തികകളുടെ വലുപ്പവും വിസ്തൃതിയും അധികാര വിപുലതയും അറിയണമെങ്കില്‍ ആ തസ്തികയ്ക്ക് യോജിച്ച വ്യക്തിയെ അത്തരം പോസ്റ്റുകളില്‍ നിയമിക്കുമ്പോഴാണ് എന്ന പ്രൊഫഷണല്‍ തത്വം അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ റഹ്മാന്‍ മാസ്റ്ററുടെ പ്രൊഫഷണല്‍ അനുഭവങ്ങള്‍. ഈ പുസ്തകത്തിന്റെ തലക്കെട്ട് എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതും എന്നത് പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും ചിലപ്പോള്‍ മാത്രമല്ല പലപ്പോഴും പലതും നമ്മുടേത് കൂടി ആയിതീരുന്ന ഒരു തരം തന്‍മയീ ഭാവം നിറഞ്ഞ അനുഭവമായി ഏതൊരു വായനക്കാരനും മാറുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.


Keywords: Article, Book, Kookanam-Rahman, Book Experience; My joys and sorrows are sometimes yours
 

Post a Comment