വാഷിങ്ടണ്‍: (www.kvartha.com 17.10.2020) ഇന്ത്യന്‍ നിര്‍മ്മിത ബൈക്കില്‍ പാഞ്ഞ് ഹോളിവുഡ് ആക്ഷന്‍ ഹീറോ ടോം ക്രൂയിസ്. മിഷന്‍ ഇംപോസിബിള്‍-7-ന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വീഡിയോ എടുത്തത്. നെഞ്ചിടിപ്പേറ്റുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് എം ഐ സീരീസിനെ ആകര്‍ഷകമാക്കുന്നത്. ഈ സിനിമയിലെ ബൈക്ക് സ്റ്റണ്ടുകളാണ് ഏറെ പ്രശസ്തം. മിഷന്‍ ഇപോസിബിളില്‍ ടോം അവതരിപ്പിക്കുന്ന ഈഥന്‍ ഹണ്ട് എന്ന ചാരന്റെ ഇഷ്ട വാഹനം ബിഎംഡബ്ല്യു ബൈക്കുകളാണ്.
നിലവില്‍ ചിത്രീകരണം നടക്കുന്ന മിഷന്‍ ഇംപോസിബിള്‍-7-ന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ ഇന്ത്യയിലും വൈറലാണ്. കാരണം മറ്റൊന്നുമല്ല, ഈ ഏഴാം പതിപ്പില്‍ ടോം ക്രൂസ് ഉപയോഗിക്കുന്ന വാഹനം ഇന്ത്യന്‍ നിര്‍മിത ബി എം ഡബ്ല്യു ജി 310 ജിഎസ് ബൈക്കാണ്. ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ ടോം ക്രൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ജി 310 ജി എസിന്റെ മുന്‍തലമുറ മോഡലാണ് ഇതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ബി എം ഡബ്ല്യു ജി 310 ജി എസ്, ജി 310 ആര്‍ ബൈക്കുകളുടെ മുഖം മിനുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്.
ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ ബിഎംഡബ്ല്യു മോഡലായ ജി 310 ജിഎസ് ഓടിക്കുന്ന ടോമിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ഇറ്റാലിയന്‍ പോലീസ് ഉപയോഗിക്കുന്ന ജി 310 ജിഎസാണിത്. ഇന്ത്യയില്‍ നിര്‍മിച്ച് നിരവധി അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനമാണിത്.
സിനിമയില്‍ ടോം ക്രൂയിസ് ഈ ബൈക്ക് പോലീസ് ബൈക്കായാണ് ഉപയോഗിക്കുന്നത്. പോലീസ് ബൈക്കായാതിനാല്‍ നീല നിറത്തിലുള്ള പെയിന്റ് സ്‌കീമും പോലീസ് ഫീച്ചറുകളും ഇതില്‍ ഉണ്ട്. ഇറ്റലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു ചെയ്‌സ് സീനിലാണ് ടോം ഈ മെയ്ഡ് ഇന്‍ ഇന്ത്യ ബൈക്കുകള്‍ ഉപയോഗിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപോര്‍ട്ട് ചെയ്യുന്നു.