തിരൂര്‍: (www.kvartha.com 15.10.2020) അടച്ചിട്ടിരുന്ന വീടിന്റെ കട്ടിളയും വാതിലും പിഴുതെടുത്ത് പലതവണയായി വീടുമുഴുവന്‍ കൊള്ളയടിച്ച് മോഷണ നുതലുമായി കടന്നു കളയവെ പ്രതികള്‍ പിടിയില്‍. അവസാനതവണ മോഷണമുതലുമായി ഗുഡ്‌സ് ഓട്ടോയില്‍ പോകവേയാണ് പട്ടാപ്പകല്‍ മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടിയത്.
തിരൂര്‍ പൂക്കയില്‍ സ്വദേശി കണ്ണച്ചംപാട്ട് സുരേന്ദ്രന്‍ (36), പൂക്കയില്‍ പാറപ്പറമ്പില്‍ ബിബീഷ് (34), പൂക്കയില്‍ ചാണക്കല്‍പറമ്പില്‍ അബ്ദുള്‍കരീം (31) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത് ഇങ്ങനെ, തിരൂര്‍ പൂക്കയില്‍-മങ്ങാട് റോഡില്‍ പരേതനായ ഒരിക്കല്‍ മുഹമ്മദിന്റെ വീട് 22 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. മുഹമ്മദിന്റെ ഭാര്യ സൈനബ, മകന്‍ മുബാറക്കിന്റെ ഭാര്യ നസ്‌റീന്‍ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ അവരുടെ വീട്ടിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സാധനങ്ങള്‍ കയറ്റിപ്പോകുന്നതുകണ്ട അയല്‍വാസികള്‍ വീട്ടുകാരെ ഫോണില്‍വിളിച്ച് വീടൊഴിഞ്ഞോയെന്നു ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. ഉടന്‍തന്നെ ഇല്ലെന്നുപറഞ്ഞ് വീട്ടുകാരുടെ ബന്ധുക്കള്‍ ഓടിയെത്തി. തുടര്‍ന്ന് കളവുമുതലുകള്‍ കയറ്റിപ്പോയ ഗുഡ്‌സ് ഓട്ടോറിക്ഷയും പ്രതികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഗ്യാസ് സിലിന്‍ഡര്‍, കുക്കര്‍, എസി, സ്റ്റെബിലൈസര്‍, വീടിന്റെ ആധാരം, പണം ഉള്‍പ്പെടെ വീട്ടിലെ മുഴുവന്‍ സാധനങ്ങളും പ്രതികള്‍ കടത്തിക്കൊണ്ടുപോയിരുന്നു. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.