Follow KVARTHA on Google news Follow Us!
ad

വേണം; രോഗികൾക്കും സംഘടന..

Patients too need Organisation
അസീസ് പട്ല

(www.kvartha.com 20.10.2020) ഈയടുത്ത കാലത്തായി മെഡിക്കൽ കോളേജിലെ ഉത്തരവാദപ്പെട്ട ആരോഗ്യ ജീവനക്കാരുടെ അനാസ്ഥമൂലം രോഗികളുടെ മരണമടക്കം ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രോഗികൾക്കും വേണം സംഘടന എന്ന് തോന്നിപ്പോകുന്നത്. 
കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രാണവായു കിട്ടാതെ ജീവൻ വെടിയേണ്ടി വന്ന കോവിഡ് ബാധിതനായ ഹാരിസ് എന്ന വ്യക്തിയാണ് അവസാനത്തെ രക്തസാക്ഷി. മുഖത്ത് മാസ്ക് ഉണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല എന്ന കാര്യം ഡ്യൂട്ടി ഡോക്ടർ മുതിർന്ന ഡോക്ടറെ ബോധിപ്പിച്ചപ്പോൾ പ്രശ്നമാക്കണ്ട എന്ന മറുപടിയത്രേ അവർക്ക് കിട്ടിയത്. 

ജീവൻ നില നിർത്താനുള്ള ഓക്സിജന്റെ ലഭ്യത പോലും ഉറപ്പു വരുത്താൻ കഴിയാത്തവർ പിന്നെന്തു സേവനാമാണ് മരണാസന്നമായ ഒരു രോഗിക്ക് നല്കുക? സാധാരണക്കാരന്റെ ജീവന് ഒരു വിലയുമില്ല, തങ്ങളുടെ ആവശ്യവും, ജോലിസ്ഥിരതയും സംഘടനാ ബലത്തിന്റെ കൊഴുപ്പിൽ ഭീഷണി മുഴക്കി നേടിയെടുക്കുന്ന ആരോഗ്യ പരിപാലകരുടെ 'ഒറ്റക്കെട്ട് മനോഭാവം' രോഗാതുരരായ മനസ്സിനും ശരീരത്തിനും എന്നും അരക്ഷിതാവസ്ഥയും ഭീതിയും, മാനസീക സംഘർഷവും മാത്രമേ പകരം നൽകാനാവൂ.

ഈ മനോഗതി മാറണമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലും കാർകശ്യവും രാഷ്ട്രീയ താൽര്യത്തിന്നതീതമായി പ്രായോഗികവൽകരിച്ചാലെ പൊതുജനങ്ങൾക്ക് സർകാർ സേവനത്തിന്റെ ഗുണഭോക്താക്കളാകാൻ കഴിയൂ. ആരോഗ്യ പരിപാലകർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ചേരി തിരിഞ്ഞു അവരെ സംരക്ഷിച്ചു കൊണ്ട് പക പോക്കലല്ല വേണ്ടത്. ശാസ്ത്രീയവും സുസ്ഥിരവുമായ ഒരു ആരോഗ്യപരിരക്ഷയുടെ പഴുതില്ലാത്ത വ്യവസ്ഥിതിയാണ് സംരക്ഷിക്കപ്പെടേണ്ടത്.

ആരോഗ്യ വൃന്ദങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ തങ്ങളുടെ അനുയായികൾക്കും നാളെ ഇതേ ഗതി വന്നാൽ തിരുത്താനാവാത്ത തെറ്റായിരിക്കുമെന്ന് മാറി മാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷികൾ ഓർക്കുന്നത് നന്നായിരിക്കും, അന്ന് ഈ ഭരണപക്ഷം പ്രതിപക്ഷമായിരിക്കും. 

അനിൽകുമാർ എന്ന വ്യക്തിയെ, വീഴ്ചയയെത്തുടർന്നു കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേ പുഴുവരിച്ച സംഭവം സാംസ്കാരിക കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്, നടപടിയെന്നോണം കാരണക്കാരായ രണ്ടു ഹെഡ് നേഴ്സുമാരെയും നോഡൽ ഓഫീസർ ഡോക്ടർ അരുണയേയും ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. അവരെ തിരിച്ചെടുക്കാതെ ജോലിയിൽ പ്രവേശിക്കുകയില്ലയെന്ന ആരോഗ്യ ജീവനക്കാരുടെ ധാർഷ്ട്യത്തിനു മുമ്പിൽ സര്‍കാരിന് മുട്ട് മടക്കേണ്ടി വന്ന നിസ്സഹായാവസ്ഥ കേരളം ലജ്ജയായോടെയാണ് നോക്കിക്കണ്ടത്. തെറ്റ് ചെയ്തവരെയെങ്കിലും ശിക്ഷിക്കാനോ നടപടിക്ക് വിധേയരാക്കാനോ കൂട്ടാക്കാത്തതിന്റെ മനശ്ശാസ്ത്രം വിരൽ ചൂണ്ടുന്നത് തങ്ങളുടെ തെറ്റുകളൊന്നും തെറ്റല്ല എന്ന മൃദുസമീപനത്തെയാണ്. സേവന തൽപരരായ ആരോഗ്യ ജീവനക്കാരുടെ നിസ്വാർഥ സേവനം ഇവിടെ വിസ്മരിക്കുന്നില്ല. 

സസ്പെൻഡ് ചെയ്താലും അവരുടെ പിഴവും അനാസ്ഥയും ഇല്ലാതാകുന്നില്ല. ഇരകളുടെ കുടുംബത്തിനെങ്കിലും നേരിയ സമാശ്വാസം പകരാനായാൽ അത്രയും നന്ന്. ആദ്യം ചെയ്യേണ്ടത് ആരോഗ്യ മേഖലയിലെ ഉപചാപസംഘങ്ങളുടെയും രാഷ്ട്രീയ പരിരക്ഷകരുടെയും അവിശുദ്ധ റാക്കറ്റ് തകർത്ത് മൊത്തത്തിൽ ഒരു ഉടച്ചു വാർക്കലാണ്. 

'രോഗചികിൽസയെക്കാൾ നല്ലതാണ് പ്രതിരോധം' എന്ന ആപ്ത വാക്യം പോലെ ശിക്ഷയെക്കാൾ നല്ലതാണ് ശിക്ഷണം. ജീവകാരുണ്യ അവബോധനം. അത് ആരോഗ്യ മേഖലാ പ്രവർത്തകരുടെ മനസ്സാക്ഷിയിൽ നിന്നും നിർഗളിക്കട്ടെ.

Keywords: Article, Patient, COVID-19, Treatment, Medical College, Mask, Asees Patla, Patients too need Organisation
 

Post a Comment