ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു

 


മുംബൈ: (www.kvartha.com 15.10.2020) ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും പ്രശസ്ത സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ(91) അന്തരിച്ചു. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അവര്‍ മുംബൈയിലെ വസതിയിലാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.

അത്തയ്യയുടെ മരണത്തെക്കുറിച്ച് മകള്‍ രാധിക ഗുപ്ത പറഞ്ഞത് ഇങ്ങനെ: വ്യാഴാഴ്ച പുലര്‍ച്ചെയാണ് അമ്മ മരിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് തലച്ചോറില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ ഒരു വശം തളര്‍ന്നതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു.
ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു

1929 ഏപ്രില്‍ 28 ന് കോലാപ്പൂരില്‍ ജനിച്ച ഭാനു അത്തയ്യ 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിലൂടെ ഓസ്‌കാര്‍ കരസ്ഥമാക്കി. ബോംബൈ ജെ ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് 1952ല്‍ സ്വര്‍ണ മെഡലോടെ വസ്ത്രാലങ്കാര പഠനം പൂര്‍ത്തിയാക്കിയ ഭാനു അത്തയ്യ മാസികകളുടെ ഫാഷന്‍ കോളങ്ങളിലൂടെയാണ് ആദ്യം ശ്രദ്ധേയയാവുന്നത്.

ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ രണ്ടുവര്‍ഷം പാരീസില്‍ വസ്ത്രാലങ്കാരത്തില്‍ ഉപരിപഠനം നടത്തി. ബോംബെയിലേക്കു ഭാനു തിരിച്ചുവന്നതു സനിമയുടെ ലോകത്തേക്കായിരുന്നു. ഗുരുദത്തിന്റെ സിഐഡി ആയിരുന്നു ഭാനു ഹരിശ്രീ കുറിച്ച ചിത്രം. പിന്നെ മൂന്നു പതിറ്റാണ്ടോളം നീണ്ട സിനിമാക്കാലത്തില്‍ മുന്നൂറിലേറെ സിനിമകള്‍, ആയിരക്കണക്കിനു വേഷങ്ങള്‍... ഗാന്ധി സിനിമയില്‍ മാത്രം ആയിരക്കണക്കിനു പേര്‍ക്കാണു ഭാനുവിന്റെ ഭാവന വസ്ത്രങ്ങള്‍ നെയ്തത്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാന്‍ എന്ന ചിത്രത്തിനും വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ഭാനു അത്തയ്യ ആയിരുന്നു. ഇതായിരുന്നു അവരുടെ അവസാന ചിത്രം.

റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന സംവിധായകന്‍ ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിനായി ഭാനുവിനെ സമീപിച്ചത് 1981 പകുതിയോടെയായിരുന്നു. അടുത്ത വര്‍ഷം പുറത്തുവരേണ്ട ചരിത്രസിനിമ പിന്നീടു ഭാനുവിന്റെ മനസ്സിനു വിശ്രമം കൊടുത്തില്ല. 1895മുതല്‍ 1948വരെയുള്ള നീണ്ട കാലത്തിന്റെ കഥയാണ്. സ്‌ക്രീനില്‍ വരുന്ന ഓരോ ഇന്ത്യക്കാരനും അക്കാലത്തെ രൂപത്തിലായിരിക്കണം.

വസ്ത്രാലങ്കാരത്തിന്റെ ചുമതലയേറ്റശേഷം ഭാനു നീണ്ട ഒരു യാത്ര പുറപ്പെട്ടു. രാജ്യത്താകെ സഞ്ചരിച്ചു ഗാന്ധി മ്യൂസിയങ്ങള്‍ കണ്ടു. ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും നെഹ്‌റുവിന്റെയും ജിന്നയുടെയും പട്ടേലിന്റെയുമൊക്കെ ആവുന്നത്ര ഫോട്ടോകള്‍ ശേഖരിച്ചു. ഇന്ദിരാഗാന്ധിയുമായി സംസാരിച്ചു. 1922ല്‍ ഗാന്ധിത്തൊപ്പിക്കു നാലിഞ്ചു നീളമെങ്കില്‍, 1940ആയപ്പോള്‍ അതു രണ്ടിഞ്ചായി കുറഞ്ഞു എന്ന രീതിയിലെ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍പോലും ശേഖരിച്ചു.

പ്രധാന കഥാപാത്രങ്ങള്‍ക്കു പുറമെ ആയിരക്കണക്കിനു എക്‌സ്ട്ര അഭിനിനേതാക്കളുണ്ട്. ചരിത്രം പുനഃസൃഷ്ടിക്കുന്നതിനാല്‍ ആരെയും അപ്രധാനമായി കാണാനാവില്ല. ഓരോ ചെറുമാറ്റങ്ങളും ഭാനു ഹൃദിസ്ഥമാക്കി. വസ്ത്രാലങ്കാരത്തിനു മാത്രമായി പത്തുലക്ഷം രൂപ ചെലവിട്ട ഗാന്ധി ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഭാനു ചെലവിട്ടതു പത്തു മാസത്തോളം! ആ പ്രയത്‌നത്തിന്റെ സഫലമായ പര്യവസാനം ഗാന്ധിയുടെ വിജയത്തിനൊപ്പം ഓസ്‌കാറിന്റെ പെരുമ കൂടിയായിരുന്നു.

അത്തയ്യ സൃഷ്ടിച്ച ഏറ്റവും ആകര്‍ഷണീയമായ രൂപങ്ങളിലൊന്ന് പഴയ നടി മുംതാസിന്റെ കാന്‍ഡ് ഓറഞ്ച് സാരി ആയിരിക്കണം. ഭാപ്പി സോണിയുടെ ബ്രഹ്മചാരി എന്ന ചിത്രത്തിലെ ആജ് കല്‍ തേരേ മേരെ പ്യാര്‍ കെ ചാര്‍ച്ചെ എന്ന ഗാനത്തില്‍ മുംതാസ് ആ സാരിയാണ് ധരിച്ചിരുന്നത്.

Keywords:  Oscar award winning costume designer Bhanu Athaiya passes away at 91, Mumbai,News,Oscar,Award,Cinema,Dead,Obituary,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia