ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ അവയവ ദാതാക്കള്‍; സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍
Oct 27, 2020, 14:48 IST
തിരുവനന്തപുരം: (www.kvartha.com 27.10.2020) സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്തു നല്‍കി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍പ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചാണ് അവയവ മാഫിയയുടെ പ്രവര്‍ത്തമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കള്‍ക്ക് പണം നല്‍കിയ ശേഷം അവരുടെ അറിയവോടെ തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കും. സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒരു ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായി അവയദാനത്തിന് തയ്യാറാകുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്.
ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് തേടിയത്. അതേ സമയം അവയവം സ്വീകരിച്ച പലരുടെയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് ഇതിന് പിന്നിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.