വാഷിങ്ടണ്‍: (www.kvartha.com 27.10.2020) ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന വളരെ പഴക്കമുള്ള ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഒടുവില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നു. സംശയിക്കേണ്ടതില്ല, ചന്ദ്രനില്‍ വെളളമുണ്ട്. ദീര്‍ഘ നാളത്തെ ഗവേഷണത്തിന് ഒടുവില്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തല്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. സൂര്യപ്രകാശമേല്‍ക്കുന്ന ചന്ദ്രന്റെ ഭാഗത്തും ജലകണങ്ങളുണ്ട് എന്നാണ് കണ്ടെത്തല്‍.
നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ സോഫിയയിലെ ദൂരദര്‍ശിനിയാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ചന്ദ്ര ഉപരിതലത്തില്‍ സൂര്യപ്രകാശമേല്‍ക്കാത്ത മേഖലയില്‍ കൂടുതല്‍ ജലമുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ സംവിധാനമാണ് നാസയുടെ സോഫിയ.
2009ല്‍ ചന്ദ്രനില്‍ തന്നെ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകത്തിന് സൂചനകള്‍ ലഭിച്ചിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാന്‍-1 ആണ് ജല സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഇതിനെ സ്ഥിരികരിക്കുന്നതാണ് പുതിയ വിവരം. ചാന്ദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായകമായ കണ്ടെത്തലാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.