ലഖ്‌നൗ: (www.kvartha.com 16.10.2020) ഉത്തര്‍പ്രദേശില്‍ 'കൃഷ്ണ ജന്മഭൂമി'ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഷാഹി ഈദ് ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്ത 18ന് വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി സാധന റാണി ഠാക്കൂര്‍ അറിയിച്ചു.
മസ്ജിദ് സ്ഥിതി ചെയ്യുന്നത് കൃഷ്ണ ജന്മഭൂമിയായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13 ഏക്കര്‍ പരിസരത്തിനുള്ളില്‍ ആണെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം മഥുര സിവില്‍ കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഭൂമിയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാനും ഷാഹി ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയും തമ്മിലെത്തിച്ചേര്‍ന്ന കരാര്‍ അംഗീകരിച്ച മഥുര കോടതിയുടെ 1968ലെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാനെ പ്രതിനിധീകരിച്ച് രഞ്ജന അഗ്‌നിഹോത്രിയും മറ്റ് ഏഴുപേരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹര്‍ജി മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. 17-ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചത്.
അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ പുരോഹിതരുടെ മറ്റൊരു സംഘടന അപലപിച്ചു. ക്ഷേത്ര-മോസ്‌ക് വിഷയം ഉയര്‍ത്തി മഥുരയിലെ സമാധാനാന്തരീക്ഷം അസ്വസ്ഥമാക്കാന്‍ പുറത്തുനിന്നുള്ള ചിലര്‍ ശ്രമിക്കുകയാണെന്ന് അഖില ഭാരതീയ തീര്‍ഥ് പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പാഠക്ക് പ്രതികരിച്ചു.