പുതുച്ചേരി: (www.kvartha.com 19.10.2020) ഓണ്‍ലൈന്‍ ചീട്ട് കളിയില്‍ കൈയിലുണ്ടായിരുന്ന 30 ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തുകയും ഭീമമായ കടവും വരുത്തി വെച്ച മനോവിഷമത്തില്‍ യുവാവ് ഭാര്യയ്ക്ക് സന്ദേശമയച്ച് ജീവനൊടുക്കി. പുതുച്ചേരിയില്‍ താമസിക്കുന്ന വിജയ് കുമാറാണ് ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ചശേഷം സ്വയം തീകൊളുത്തി മരിച്ചത്. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവാവ് ജീവനൊടുക്കിയത്.
പതിവായി ഓണ്‍ലൈനില്‍ ചീട്ട് കളിച്ചിരുന്ന വിജയ് കുമാറിന് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ഇതേത്തുടര്‍ന്ന് കടബാധ്യതകളും വര്‍ധിച്ചു. മരിക്കുന്നതിന് മുമ്പ് വിജയ് കുമാര്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. കടം കൂടിവരികയാണെന്നും ഇതൊന്നും അടച്ചുതീര്‍ക്കാന്‍ തനിക്കാവില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
വിജയ്കുമാറിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ ഭാര്യ പോലീസില്‍ വിവരമറിയിച്ചിരുന്നു. ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗലം പോലീസ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും തീ കൊളുത്തി മരുച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ദിരാഗാന്ദി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.