മുജീബുല്ല കെ എം
ഇത് പ്രശസ്ത കവി കടമ്മനിട്ടയുടെ പ്രശസ്തമായ കവിതാവരികളിലൊന്ന്.
നിങ്ങൾക്ക് നിങ്ങളെ അറിയാമോ?
സാദ്ധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു. നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത നിങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത ഒരേ ഒരാൾ നിങ്ങളാണ് എന്നതാണ് സത്യം... ആണോ?
ആവരുതങ്ങിനെ, നിങ്ങൾ നിങ്ങളെ അറിയണം; നെഗറ്റീവും പോസിറ്റീവുമായ നിങ്ങളുടെ കഴിവുകളെ അറിഞ്ഞ്, പരിമിതികളെ തിരിച്ചറിഞ്ഞ് സന്തോഷവാനായി ജീവിക്കാനാകണം.
ഒരു കഥ പറയട്ടെ...
ഒരിക്കൽ ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി വീട്ടിൽ നിന്നകലെയുള്ള കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. ആ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്‍ഷം ഇങ്ങനെ കടന്നു പോയി.
ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. ഞാനാ മുത്തശ്ശിയെ പറ്റിക്കയല്ലേ എന്നോർത്ത് വേവലാതിപ്പെട്ടു. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ അത് എത്തിച്ചു.
അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു...
ആര്‍ക്കും വേണ്ടാത്ത എന്നെ ഒന്ന് നശിപ്പിച്ചു കളഞ്ഞേക്കൂ...
ഇത് കേട്ട ആ മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു...
ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്‍ന്നു.
നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്.
ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി......

പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അതേ അവസ്ഥയിലേക്ക് നമ്മളും എത്തിച്ചേരാറില്ലേ...
എനിക്ക് സൗന്ദര്യം പോര, മുടിയില്ല...
എനിക്ക് ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്,
എനിക്ക് പൊക്കം കുറവാണ്,
എനിക്ക് വണ്ണം കൂടിപ്പോയി,
എനിക്ക് സമ്പത്ത് കുറഞ്ഞു പോയി,
ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്,
എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല,
ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്,
ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്.
ഇങ്ങനെ ഒത്തിരിയൊത്തിരി കുറവുകളുടേതായ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക..
നിങ്ങൾ നിങ്ങളാണ് എന്ന്, നിങ്ങളിൽ ഒരു പാട് നന്മകളും കഴിവുകളും ഉണ്ടെന്ന്... അതിനെയൊക്കെ തിരിച്ചറിയുക. എന്നിട്ട് ജീവിതത്തെ ആസ്വദിക്കുക... നിരാശപ്പെടാനുള്ളതല്ല, അസൂയപ്പെടാനുള്ളതല്ല ജീവിതം...
സ്വയം അറിഞ്ഞ് കഴിയാനുള്ളതാണ് ജീവിതം...
അന്യനെ അനിയനാക്കാൻ കഴിയുന്ന മനസോടെ, സന്തോഷത്തോടെ കഴിയുക... അവിടെയാണ് ജീവിത വിജയം.
(സിജി ഇൻറർനാഷനൽ കരിയർ ആർ ആൻഡ് ഡി കോർഡിനേറ്ററാണ് ലേഖകൻ)
Keywords: Kerala, Article, Mujeebullah KM, Leave your negative thought