Follow KVARTHA on Google news Follow Us!
ad

യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്; കേരളത്തിന്റെ സ്വപ്നത്തിനു ചിറകു നല്‍കി എയര്‍ ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ സര്‍വീസ്; ഇനി മുതല്‍ ആഴ്ചയില്‍ 3 ദിവസം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Europe,News,Flight,Air India,Passengers,Business,Train,Kerala,
കൊച്ചി: (www.kvartha.com 24.10.2020) യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് എന്ന കേരളത്തിന്റെ സ്വപ്നത്തിനു ചിറകു നല്‍കി എയര്‍ ഇന്ത്യയുടെ കൊച്ചി ലണ്ടന്‍ സര്‍വീസ്. ആഴ്ചയില്‍ രണ്ടു ദിവസമുണ്ടായിരുന്ന സര്‍വീസ് 25 മുതല്‍ 2021 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്നു ദിവസമാക്കി. വന്ദേ ഭാരതില്‍ ഉള്‍പ്പെടുത്തി വിജയമായതിനെത്തുടര്‍ന്നാണ് ഡിസംബര്‍ വരെ നീട്ടിയ സര്‍വീസ് എയര്‍ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉള്‍പ്പെടുത്തിയത്.

യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് കൊച്ചിയില്‍നിന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സര്‍വീസ്. നേരിട്ടുള്ള വിമാന സര്‍വീസ് വലിയ ആശ്വസമാണു യാത്രക്കാര്‍ക്കു നല്‍കുക. ഗള്‍ഫ് സെക്ടറിലെ കഴുത്തറപ്പന്‍ നിരക്കില്‍ നിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകള്‍ക്കായി ഗള്‍ഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ സീറ്റുകളും ഇതുവഴി ലഭ്യമാകും. Kochi- London Air India Service, Three Days in a Week, Europe, News, Flight, Air India, Passengers, Business, Train, Kerala

സിയാല്‍ ലാന്‍ഡിങ് ഫീസ് പൂര്‍ണമായും എയര്‍ ഇന്ത്യയ്ക്ക് ഒഴിവാക്കി നല്‍കിയത് ടിക്കറ്റ് നിരക്കു കുറയാന്‍ സഹായിച്ചിട്ടുണ്ട്. യൂറോപ്പിലേക്കു സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ വിമാനത്താവളം ഏറെ ഇളവുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നിരുന്നില്ല. വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണമാണ് എയര്‍ ഇന്ത്യയെ സര്‍വീസ് നീട്ടാന്‍ പ്രേരിപ്പിച്ചത്.

കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്കായതിനാല്‍ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസല്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് ട്രെയിനില്‍ ഹീത്രുവിലെത്തി എയര്‍ ഇന്ത്യ വിമാനത്തില്‍ തുടര്‍യാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയില്‍നിന്നു യുഎസിലേക്കു നേരിട്ടു സര്‍വീസ് വേണമെന്ന ആവശ്യവും ശക്തമാണ്.

രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍നിന്നു എയര്‍ ഇന്ത്യയ്ക്കു ലണ്ടന്‍ സര്‍വീസുണ്ട്. ഡെല്‍ഹിയും (7 സര്‍വീസ്) മുംബൈയും (4) കഴിഞ്ഞാല്‍ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ഇപ്പോള്‍ കൊച്ചിയില്‍ നിന്നാണ്. സര്‍വീസുകളുടെ എണ്ണത്തില്‍ അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.

ഇക്കോണമി ക്ലാസില്‍ കൊച്ചി ലണ്ടന്‍ നിരക്ക് 25,000 മുതലും ലണ്ടന്‍-കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൊച്ചി- ലണ്ടന്‍ സര്‍വീസ് പ്രയോജനപ്പെടും. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനു പുറമേ ബ്രിട്ടിഷ് എയര്‍വെയ്‌സും എയര്‍ ഫ്രാന്‍സും തുര്‍ക്കിഷ് എയര്‍ലൈന്‍സും കൊളംബോയില്‍ നിന്നു ലണ്ടന്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.

സ്റ്റോപ്പ് ഓവര്‍ ഫ്‌ളൈറ്റുകള്‍ക്ക് ഏകദേശം 40,000 രൂപയും നോണ്‍ സ്റ്റോപ്പ് സര്‍വീസുകള്‍ക്ക് 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയില്‍ നിന്നു ഒരു മണിക്കൂര്‍ 20 മിനിറ്റ് കൊണ്ടു കൊച്ചിയില്‍ എത്താമെന്നതിനാല്‍ യൂറോപ്പില്‍ നിന്നുള്ള ശ്രീലങ്കന്‍ വിനോദസഞ്ചാരികള്‍ യാത്ര കൊച്ചി വഴിയാക്കാന്‍ സാധ്യതയുണ്ട്. കോവിഡ് മൂലം നിര്‍ത്തിവച്ചിരിക്കുന്ന ശ്രീലങ്കന്‍ സര്‍വീസുകള്‍ പിന്നീടു പുനഃസ്ഥാപിക്കുമ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ഈ മാര്‍ക്കറ്റും കയ്യടക്കാന്‍ കഴിയും.

Keywords: Kochi- London Air India Service, Three Days in a Week, Europe, News, Flight, Air India, Passengers, Business, Train, Kerala.

Post a Comment