ഗുരുവായൂര്‍: (www.kvartha.com 24.10.2020) ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി.
ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ ബി മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി വിനീതും താലികെട്ടി.
കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ തന്നെയാണ്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം ഉത്തമയുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവന്നു. നാല് പെണ്‍മക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.
1995 നവംബറിലാണ് പഞ്ചരത്നങ്ങളുടെ അപൂര്‍വ പിറവി. ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളില്‍ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജന്‍, ഉത്തമ എന്നിങ്ങനെയാണ് മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.
പഞ്ചരത്‌നങ്ങള്‍ കുട്ടികളായിരിക്കേയാണ് പിതാവ് പ്രേംകുമാറിന്റെ മരണം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കില്‍ രമാദേവിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതോടെയാണ് കുടുംബം കരകയറിയത്.