ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി; കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: (www.kvartha.com 18.10.2020) മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍ ബാലകൃഷ്ണപിളളയും പി സി ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും ഇപ്പോള്‍ പുറത്തുവിടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Kerala Congress probe report names Ramesh Chennithala as kingpin behind bar bribery scam conspiracy,


എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിളള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജേക്കബ് തോമസ്, സുകേശന്‍, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായില്‍ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാല്‍ മാണി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ അന്തരിച്ച സി എഫ് തോമസ് എം എല്‍ എ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുളളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി എഫ് തോമസിന് നല്‍കിയിരുന്നു. സി എഫ് തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2016 മാര്‍ച്ച് 31-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാലുവര്‍ഷത്തോളം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മാത്രം കൈവശമുണ്ടായിരുന്ന റിപ്പോര്‍ട്ട് ആണിത്.

ബാര്‍കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കെഎം മാണി അടക്കം കേരളാ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നതും ഇല്ല. യുഡിഎഫ് വിട്ട് ജോസ് കെ മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് പറയുന്നത് അല്ലാതെ ആരുടെയെങ്കിലും പേരെടുത്ത് പറയാന്‍ കഴിഞ്ഞ ദിവസങ്ങളിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല. കെഎം മാണിക്കെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതാക്കള്‍ നടത്തിയിരുന്ന പ്രതിഷേധ പ്രസ്താവനകളെല്ലാം ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനൊപ്പം വീണ്ടും വാര്‍ത്തയില്‍ നിറയുന്നതിനിടെയാണ് റിപ്പോര്‍ട്ട് തന്നെ പുറത്ത് വിട്ട് കേരളാ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ സി എഫ് തോമസ് അധ്യക്ഷനായ സമിതിയെ പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല, തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ കെഎം മാണി അന്വേഷണം ഏല്‍പ്പിക്കുന്നത്. ഇതാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേരളാ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നതും.


Keywords: Kerala Congress probe report names Ramesh Chennithala as kingpin behind bar bribery scam conspiracy, Kottayam, Corruption, News, Allegation, Report, Kerala Congress (m), Conspiracy, Ramesh Chennithala, Kerala.

Post a Comment

Previous Post Next Post