ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്തു; സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതമെന്ന് മുഖ്യമന്ത്രി
Oct 18, 2020, 08:58 IST
പത്തനംതിട്ട: (www.kvartha.com 18.10.2020) മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. അസുഖബാധിതനായി ഏതാനും ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ് മാര്‍ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ ജി ജോസഫ് എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. രാവിലെ 8 മുതല്‍ തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.
പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു.
കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
2007 ലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സഭാ അധ്യക്ഷനായി അവരോധിക്കപ്പെട്ടത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് മെത്രാപ്പോലീത്തയാണ്.
ജീവകാരുണ്യ മേഖലയിലും, പ്രാര്‍ത്ഥനാ ജീവിതത്തിലും സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങളിലും സജീവമായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. രോഗികള്‍ക്കും, പാര്‍ശ്വവല്‍ കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും തിരുമേനി നീക്കിവച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇത്തരക്കാര്‍ക്കായി നിരവധി സ്ഥാപനങ്ങളും രൂപം കൊണ്ടു.
പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവയൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെപഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി.
1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോ. ഫിലിപ്പോസ് ക്രിസോസ്റ്റം മെത്രാപ്പോലീത്ത സ്ഥാനത്യാഗം ചെയ്തപ്പോള്‍ സഫ്രഗണ്‍ മെത്രോപ്പോലീത്തയായിരുന്ന ജോസഫ് മാര്‍ ഐറേനിയോസ് 2007 ഒക്ടോബര്‍ രണ്ടിന് മാര്‍ത്തോമ മെത്രോപ്പോലീത്തയായി സ്ഥാനമേറ്റു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.