ഭോപ്പാല്‍: (www.kvartha.com 27.10.2020) 'ഐറ്റം' പരാമര്‍ശത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കമ്മീഷന്‍ കമല്‍നാഥിനോട് നിര്‍ദ്ദേശിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കമല്‍നാഥിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിത സ്ഥാനാര്‍ത്ഥിയെ കമല്‍നാഥ് 'ഐറ്റം' എന്ന് വിശേഷിപ്പിച്ചിരുന്നു. ദാബ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍നാഥ് ഇത്തരം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങി.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ ദാബ്ര മണ്ഡലത്തില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥിക്കെതിരെ തിരഞ്ഞെടുപ്പ് റാലിയില്‍ കമല്‍ നാഥ് പറഞ്ഞത് ഇങ്ങനെ- 'ഞങ്ങളുടെ (കോണ്‍ഗ്രസിന്റെ) സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍' ഇതായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.