വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ പോള്‍ റീഫലിനെ, വിക്കറ്റിനു പിന്നില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി 'വിരട്ടി'; സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു

 


ദുബൈ: (www.kvartha.com 14.10.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ചൊവ്വാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെ, നിര്‍ണായക ഘട്ടത്തില്‍ വൈഡ് വിളിക്കാനൊരുങ്ങിയശേഷം പുനര്‍വിചിന്തനം നടത്തി വേണ്ടെന്ന് വച്ച അംപയറിന്റെ വിഡിയോ വൈറലാകുന്നു. വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ പോള്‍ റീഫലിനെ, വിക്കറ്റിനു പിന്നില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി 'വിരട്ടി'യെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. 

എന്തായാലും ക്യാപ്റ്റന്‍ കൂള്‍ 'ക്യാപ്റ്റന്‍ ഹോട്ടാ'യത് ആരാധകര്‍ക്കും തീരെ രസിച്ചില്ല. മത്സരശേഷം ധോണിക്കും അംപയറിനുമെതിരെ രൂക്ഷ പരിഹാസമാണ് ഉയര്‍ന്നത്. ഇരുവര്‍ക്കുമെതിരായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎലില്‍ നിന്ന് വിലക്കണമെന്നത് ഉള്‍പ്പെടെ ശക്തമായ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ പോള്‍ റീഫലിനെ, വിക്കറ്റിനു പിന്നില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി 'വിരട്ടി'; സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു

മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ്, 19ാം ഓവറിലേക്ക് കടന്നതിനു പിന്നാലെയാണ് കൗതുകകരമായ ഈ സംഭവം ഉടലെടുത്തത്. ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാന രണ്ട് ഓവറില്‍ അവര്‍ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 27 റണ്‍സായിരുന്നു. ക്രീസില്‍ മൂന്നു പന്തില്‍ 11 റണ്‍സുമായി റാഷിദ് ഖാനും ഒരു പന്തില്‍ നാലു റണ്‍സുമായി ഷഹബാസ് നദീമും. കാണ്‍ ശര്‍മ എറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്തില്‍ വിശ്വസ്തനായ താരം കെയ്ന്‍ വില്യംസന്‍ പുറത്തായശേഷം ഒരു സിക്‌സും രണ്ടു ഫോറും സഹിതം 15 റണ്‍സടിച്ച് ഹൈദരാബാദിന് പ്രതീക്ഷ നല്‍കി ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ഇവര്‍ക്കെതിരെ 19-ാം ഓവര്‍ എറിയാനെത്തിയത് ഷാര്‍ദുല്‍ താക്കൂര്‍.

ആദ്യ പന്തില്‍ റാഷിദ് ഖാന്റെ വക ഡബിള്‍. സ്റ്റംപില്‍നിന്ന് മാറ്റിയൊരു യോര്‍ക്കര്‍ പരീക്ഷിച്ച താക്കൂറിന്റെ രണ്ടാം പന്ത് വൈഡായി. മൂന്നാം പന്തിലും സമാനമായ പരീക്ഷണം ആവര്‍ത്തിച്ച താക്കൂര്‍ വക മറ്റൊരു വൈഡ്. ലൈനിനു പുറത്താണെന്ന് വ്യക്തമായ പന്തില്‍ വൈഡ് വിളിക്കാനൊരുങ്ങി അംപയര്‍ കൈകള്‍ വിടര്‍ത്തിയതാണ്. ഇതോടെ വിക്കറ്റിനു പിന്നില്‍നിന്ന് ധോണി ക്രുദ്ധനായി. വൈഡല്ലെന്ന തരത്തില്‍ ധോണി തര്‍ക്കമുന്നയിച്ചതോടെ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ മനസ്സു മാറ്റി.

ഇതോടെ സണ്‍റൈസേഴ്‌സ് ക്യാംപിലും ആകെ ആശയക്കുഴപ്പം ഉടലെടുത്തു. ക്രീസില്‍നിന്ന റാഷിദ് ഖാന്‍ വൈഡിനായി അംപയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ മുഖത്തും അനിഷ്ടം പ്രകടമായിരുന്നു. എന്തായാലും അംപയര്‍ വൈഡ് അനുവദിക്കാതെ തന്നെ മുന്നോട്ടുപോയ മത്സരത്തില്‍ മുറുക്കമാര്‍ന്ന ബോളിങ്ങിലൂടെ ചെന്നൈ വിജയം പിടിച്ചെടുത്തു.

താക്കൂറിന്റെ ഈ ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാനും (എട്ടു പന്തില്‍ 14), ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഷഹബാസ് നദീമും (അഞ്ച് പന്തില്‍ അഞ്ച്) പുറത്തായതോടെ, ഹൈദരാബാദ് ഇന്നിങ്‌സ് എട്ടിന് 147 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. ചെന്നൈയുടെ വിജയം 20 റണ്‍സിന്.

Keywords:  IPL 2020: MS Dhoni slammed on social media after CSK captain fumes at umpire Paul Reiffel in Dubai, IPL,Sports,Cricket,Video,Mahendra Singh Dhoni,Social Media,Dubai,News,Gulf,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia