ആലുവയില്‍ നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മയ്ക്ക് പട്ടികജാതി വികസന വകുപ്പില്‍ താല്‍ക്കാലിക നിയമനം; ജോലിയോടൊപ്പം തന്നെ മകന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നന്ദിനി
Oct 31, 2020, 15:38 IST
തൃശൂര്‍: (www.kvartha.com 31.10.2020) ആലുവയില്‍ നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ക്യാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമന ഉത്തരവ്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം എസ് സുനില്‍ നിയമന ഉത്തരവ് നന്ദിനിക്ക് കൈമാറി.
പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയ സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടലില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പം പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നന്ദിനി പറഞ്ഞു.
ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാജുവിന്റെയും നന്ദിനിയുടെയും ഏകമകനാണ് മാസങ്ങള്‍ക്ക് മുമ്പ് നാണയം വിഴുങ്ങി മരിച്ചത്. ചികിത്സകിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ മരണ കാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ രാസ പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയില്‍ കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടായതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വസതടസ്സം ഉണ്ടായതെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാസപരിശോധന ഫലത്തില്‍ വിശ്വാസമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സ നല്‍കാതെ നാണയം മലത്തോടൊപ്പം പുറത്ത് പോകുമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.