ഭോപ്പാല്‍: (www.kvartha.com 20.10.2020) മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇമര്‍തി ദേവിയെ 'ഐറ്റം' എന്ന് വിളിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. അപമാനിക്കാന്‍ ശ്രമിച്ചില്ലെന്ന് വിമര്‍ശനത്തിന് ശേഷം കമല്‍ നാഥ് അവകാശപ്പെടുന്നു. സ്ഥാനാര്‍ഥിയുടെ പേര് താന്‍ മറന്ന് പോയതിനാലാണ് ഐറ്റമെന്ന് അവരെ വിളിച്ചതെന്ന് കമല്‍നാഥ് വിശദീകരിച്ചു.
ദാബ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് കമല്‍നാഥ് ഇമര്‍തി ദേവിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ കമല്‍നാഥ് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്.
'ആരെയെങ്കിലും അപമാനിക്കാന്‍ വേണ്ടിയല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. ഞാന്‍ അവരുടെ പേര് മറന്നുപോയി. സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഐറ്റം നമ്പര്‍ 1, ഐറ്റം നമ്പര്‍ 2 എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അപമാനിക്കലാകുമോ' കമല്‍നാഥ് ചോദിച്ചു.
നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം പുറത്ത് വരും. തിരഞ്ഞെടുപ്പ് ഫലം ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് നിര്‍ണായകമാണ്.
മാര്‍ച്ചിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഇമര്‍തി ദേവിയടക്കമുള്ള 22 എം എല്‍ എമാര്‍ രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ബി ജെ പി പാളയത്തിലേക്ക് മാറിയത്.