കൊച്ചി: (www.kvartha.com 21.10.2020) കോവിഡും ലോക്ഡൗണും കാരണം എല്ലാവരും വീട്ടിലിരുന്ന് മടുത്തതോടെ പ്രിയപ്പെട്ട ഹോബികളിലേക്ക് മടങ്ങി. പൊടി തട്ടിയെടുത്ത കഴിവുകള്‍ മിന്നിക്കുന്ന തിരിക്കിലായി. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഏറ്റവുമധികം കണ്ടതും പരീക്ഷിച്ചു നോക്കിയതുമായ ഒന്നാണ് കേക്ക് തയ്യാറാക്കല്‍. ചിലര്‍ വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം കേക്ക് തയ്യാറാക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ, കച്ചവടത്തിന് വേണ്ടിയും കേക്ക് തയ്യാറാക്കുന്നു. പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എല്ലാം ചെറിയ ഓര്‍ഡറുകളെടുത്ത്, കേക്ക് തയ്യാറാക്കി നല്‍കിയിരുന്നവര്‍ നിരവധിയാണ്. പരസ്യത്തിനായി സമൂഹമാധ്യമങ്ങളും.
എന്നാല്‍ ഇനി ഈ പതിവ് നടക്കില്ല. വീട്ടില്‍ തന്നെ തയ്യാറാക്കി വില്‍ക്കാനാണെങ്കിലും അതിനും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുന്നു. രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പായി നല്‍കുന്നു.
ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പച്ചക്കറി- പഴക്കച്ചവടക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിക്കുന്നത്.