മസ്‌കത്ത്: (www.kvartha.com 19.10.2020) മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍, അല്‍ സീബ്, അല്‍ അമിറാത്ത് വിലായത്തുകളില്‍ വിദേശികള്‍ക്ക് ഫ്‌ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി. മൂന്നു വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്‌ലാറ്റുകളാണ് പാട്ടവ്യവസ്ഥയില്‍ വിദേശികള്‍ക്ക് വാങ്ങുവാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഭവന-അര്‍ബന്‍ പ്ലാനിങ്ങ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
ഒമാനില്‍ രണ്ടു വര്‍ഷത്തിനുമുകളില്‍ താമസിച്ച വിദേശികള്‍ക്ക് മാത്രമായിരിക്കും ഈ പാട്ടവ്യവസ്ഥയില്‍ മസ്‌കത്തില്‍ കെട്ടിടം സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം.50 വര്‍ഷത്തെ കാലാവധിയിലേക്കായിരിക്കും കൈവശ കരാര്‍ ലഭിക്കുക. പിന്നീട് ഇത് 49 വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
കെട്ടിടം വാങ്ങി നാലു വര്‍ഷത്തിന് ശേഷം മാത്രമാണ് വില്‍പന നടത്താന്‍ അനുമതി. ഉടമയുടെ കാലശേഷം പിന്തുടര്‍ച്ചാവകാശിക്ക് കെട്ടിടം കൈമാറാവുന്നതാണ്. നാലു നിലയും അതില്‍ കൂടുതലുമുള്ള കെട്ടിടങ്ങളില്‍ കുറഞ്ഞത് രണ്ടു മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള ഫ്‌ലാറ്റുകള്‍ മാത്രമേ വില്‍ക്കുവാന്‍ പാടുള്ളൂ. വില്‍പ്പനക്കാരനും വാങ്ങുന്നയാളും യൂണിറ്റിന്റെ രജിസ്‌ട്രേഷനായി വിലയുടെ മൂന്ന് ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതുണ്ട്.
കെട്ടിടം വാങ്ങുന്ന വിദേശിക്ക് ഒമാനിലെ ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കുന്നതിനും മന്ത്രാലയം അനുമതി നല്‍കിയതായി അറിയിപ്പില്‍ വ്യക്തമാക്കുന്നു.